
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബിജെപി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാർട്ടിയുടെ കണക്കുകൂട്ടലാണ് പാളിയത്. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കം അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ചക്ക വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ശോഭാ സുരേന്ദ്രൻ തോറ്റത് പാർട്ടിക്ക് വലിയ നാണക്കേടായി. ബിജെപിയിലെ ക്രൗഡ് പുള്ളര്‍ നേതാവായ ശോഭയുടെ പരാജയം അവരുടെ രാഷ്ട്രീയ ഭാവിക്കും അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ്.
ചലച്ചിത്ര മേഖലയിൽനിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി ചുവടുവെച്ച രമേഷ് പിഷാരടി 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലക്കാട് മണ്ഡലം പിടിച്ചെടുത്തത്. പിഷാരടിയുടെ പെട്ടിയിൽ 62,199 വോട്ടുകൾ വീണപ്പോൾ, എൻഡിഎയ്ക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന് 49,052 വോട്ടുകളും എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എൻഎംആർ റസാഖിന് 33,931 വോട്ടുകളുമാണ് ലഭിച്ചത്.
മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്താൻ തക്ക ശേഷിയുള്ള ശോഭയ്ക്ക് വിജയം എന്നും അകലെയാണെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്. എന്നാൽ മുൻപ് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ശോഭ ചേർത്തത് ഒന്നിലധികം മണ്ഡലങ്ങളാണ്. 2016ൽ പാലക്കാട് മത്സരത്തിനിറങ്ങിയ ശോഭ 17,483 വോട്ടുകൾക്ക് കോൺഗ്രസിൻ്റെ ഷാഫി പറമ്പിലിനോട് തോൽവിയേറ്റുവാങ്ങി. അതുവരെ പാർട്ടി മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തിൽ, ശോഭ രണ്ടാം സ്ഥാനത്തെത്തിയതോടെ പാലക്കാട് അങ്ങനെ എ ക്ലാസ് മണ്ഡലമായി. സമാനമായിരുന്നു 2021ൽ കഴക്കൂട്ടം നിയമസഭയിലെയും 2024ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെയും ശോഭയുടെ മത്സരങ്ങളും തോൽവികളും.
കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭാ ഭരണം പാർട്ടിക്ക് നിലനിർത്താനായിരുന്നെങ്കിലും ശോഭാ സുരേന്ദ്രൻ ഇക്കുറി നടത്തിയ പ്രചാരണം ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മെട്രോമാൻ ഇ ശ്രീധരൻ നടത്തിയ മുന്നേറ്റത്തിലേക്ക് പോലും ശോഭയ്ക്ക് എത്താൻ കഴിഞ്ഞില്ല. അതേസമയം 2024ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച സി കൃഷ്ണകുമാർ പിടിച്ച വോട്ടുകളേക്കാൾ കൂടുതൽ ശോഭയ്ക്ക് ഇക്കുറി നേടാനായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഒരുപിടി ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തിയിട്ടും ബിജെപി നേരിട്ട പരാജയം പാലക്കാട് നഗരസഭയ്ക്ക് അപ്പുറത്തേക്കുള്ള പാർട്ടിയുടെ സംഘടനാദൈർബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയോജക മണ്ഡലം. എന്നാൽ പാലക്കാട് നഗരസഭയിൽ മാത്രമാണ് എൻഡിഎയ്ക്ക് ശക്തമായ സ്വാധീനമുള്ളത്. കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകളിൽ യുഡിഎഫിനും എൽഡിഎഫിനുമാണ് മേൽക്കൈ.
വോട്ടെടുപ്പിന് തലേദിവസം ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന ആരോപണം പാർട്ടിക്ക് ക്ഷീണമായെന്നാണ് വിലയിരുത്തൽ. യുഡിഎഫും എൽഡിഎഫും വലിയ പ്രതിഷേധമുയർത്തിയ വിവാദത്തെ തുടർന്ന് വ്യക്തമായ വിശദീകരണം നൽകാൻ ശോഭയ്ക്ക് കഴിയാതെ പോയതും കോൺഗ്രസ് ക്യാമ്പ് സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടതും ബിജെപിക്ക് പ്രഹരമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam