
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ഇടങ്ങളിലായി ഏഴുപേർ മുങ്ങിമരിച്ചു. പത്തനംതിട്ടയിൽ മണിമലയാറ്റിലും അച്ചൻകോവിലാറ്റിലുമായി ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികളടക്കം നാലുപേർ മരിച്ചു. കൊല്ലം ആലുംകടവിൽ നിർമ്മാണ തൊഴിലാളി കുളത്തിൽ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ രാജീവാണ് അപകടത്തിൽ പെട്ടത്. ആലപ്പുഴ പുളിങ്കുന്നിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു. കണ്ണൂർ കോളിക്കടവ് പുഴയിൽ വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനാണ് മരിച്ചത്.
മണിമലയാറ്റിൽ മല്ലപ്പള്ളിക്ക് സമീപം വടക്കൻകടവിലാണ് ആദ്യ അപകടം ഉണ്ടായത്. വൈകീട്ട് മൂന്നരയോടെ ബന്ധുക്കളായ 8 വിദ്യാർത്ഥികളാണ് കടവിൽ കുളിക്കാനിറങ്ങിയത്. രണ്ട് പേർ ഒഴുക്കിൽ ആഴത്തിലുള്ള കയത്തിൽപ്പെട്ടു. തിരുനെൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്കും പതിനഞ്ച് വയസാണ് പ്രായം. മല്ലപ്പള്ളിയിലെ ബന്ധു വിട്ടിലെ ചടങ്ങിനെത്തിയതാണ് ഇരുവരും. വൈകീട്ട് അഞ്ച് മണിയോടെയാണ് കൈപ്പട്ടൂർ പാലത്തിന് സമീപം അച്ചൻകോവിലാറ്റിൽ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. കോയിക്കൽക്കടവിൽ കുളിക്കാനിറങ്ങിയ ഏനാത്ത് സ്വദേശി വിശാഖും ഏഴകുളം സ്വദേശി സുജീഷുമാണ് കാൽവഴുതി വീണ് മരിച്ചത്. ഇരുവരും സുഹ്യത്തിന്റെ ബന്ധു വീട്ടിലെത്തിയതായിരുന്നു. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ അരുൺ രക്ഷപെട്ടു.
പുളിങ്കുന്നിൽ ഹൗസ്ബോട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിലാണ് പന്തളം സ്വദേശിയായ അബ്ദുൾ മനാഫ് കായലിലേക്ക് വീണത്. ആലപ്പുഴയിൽ നിന്ന് അഗ്നിശമന സേനയും സ്കൂബ ടീമും എത്തി ഏറെ നേരെ തെരച്ചിൽ നടത്തിയതിന് ശേഷമാണ്, അബ്ദുൾ മനാഫിന്റെ മൃതദേഹം കിട്ടിയത്. കണ്ണൂരിൽ പുന്നാട് സ്വദേശി ജഹാന ഷെറിനെ കോളിക്കടവ് പുഴയിലാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. 19കാരിയായ ജഹാന , സെയിദ് - മുനീറ ദമ്പതികളുടെ മകളാണ്. കൊല്ലം ആലുംകടവ് സ്വദേശിയായ രാജീവ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കുളത്തിൽ മുങ്ങിമരിച്ചത്. എല്ലാവരുടെയും മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam