
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് ഡിഎൻഎ പരിശോധന. പരിശോധനയുമായി സഹകരിക്കണമെന്ന് ബിനോയ് കോടിയേരിയോട് പൊലീസ് ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
പന്ത്രണ്ടേകാലോടെയാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയത്. മുൻകൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നായിരുന്നു ജാമ്യത്തിലെ വ്യവസ്ഥ.
ബിനോയ് എത്തുന്നതിന് അര മണിക്കൂര്‍ മുൻപ് അന്വേഷണ ഉദ്യോഗസ്ഥനും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നായിരുന്നു ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാര്‍ സ്വദേശി യുവതിയുടെ പ്രധാന ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ബിനോയ് കോടിയേരിയെ പൊലീസ് ചോദ്യം ചെയ്തു. യുവതി ഹാജരാക്കിയ തെളിവുകളിൽ ബിനോയ് കോടിയേരിയുടെ വിശദീകരണം തേടിയ ശേഷമാണ് ഡിഎൻഎ പരിശോധനയ്ക്ക് സന്നദ്ധനാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
ലൈംഗിക പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ ഒളിവിൽ പോയ ബിനോയ് കോടിയേരി മുൻകൂര്‍ ജാമ്യം ലഭിച്ച പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam