യൂണിവേഴ്‍സിറ്റി കോളേജിൽ നിന്ന് പൊലീസ് പുറത്തു പോകണമെന്ന് എസ്എഫ്ഐ, വാക്കേറ്റം

By Web TeamFirst Published Jul 26, 2019, 9:36 PM IST
Highlights

ക്യാമ്പസിൽ നിന്ന് പൊലീസ് പുറത്തുപോകണമെന്ന എസ്എഫ്ഐ നിലപാടിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. 

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് ക്യാംപസിൽ നിന്നും പൊലീസ് പുറത്തുപോകണമെന്ന് എസ്എഫ്ഐ. ഇന്ന് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ക്യാംപസിൽ വച്ച് വാക്കേറ്റമുണ്ടായി. എസ്എഫ്ഐ ആവശ്യത്തെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി.

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന അക്രമത്തിന്‍റെയും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം കോളേജ് പ്രിൻസിപ്പൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അക്രമത്തെ തുടർന്ന് ഒരാഴ്ച അടച്ചിട്ട ക്യാമ്പസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പൊലീസ് കാവലും പിക്കറ്റിംഗും തുടരുകയാണ്. എന്നാൽ ക്യാമ്പസിൽ നിന്നും പൊലീസ് പുറത്തുപോകണം എന്നാണ് എസ്എഫ്ഐയുടെ ആവശ്യം. ഇന്ന് ക്യാംപസിലുണ്ടായിരുന്ന അഞ്ച് പൊലീസുകാരോടും എസ്എഫ്ഐ നേതാക്കൾ കയർത്തു. കോളേജിലെ പൊലീസ് കാവലിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.

''അത്തരം ആവശ്യത്തിലെന്താ തെറ്റ്? ക്യാംപസ് സമാധാനപരമായി പഠനം നടക്കേണ്ട ഇടമല്ലേ? അവിടെ പൊലീസിനെന്താ കാര്യം?'', കടകംപള്ളി ചോദിച്ചു. സർക്കാർ കൈക്കൊണ്ട ശുദ്ധീകരണ നടപടികളുടെ ഭാഗമായുള്ള പൊലീസ് സാന്നിദ്ധ്യത്തെ എസ്എഫ്ഐ എതിർക്കുമ്പോൾ മന്ത്രിസഭാംഗമായ കടകംപള്ളിയും ഒപ്പം ചേർന്നത് ശ്രദ്ധേയമായി.

അതേസമയം, ഉത്തരക്കടലാസ് കടത്തിയ കേസിൽ അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിനെ തെളിവെടുപ്പിനായി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. വധശ്രമകേസിൽ റിമാൻഡിൽ കഴിയുന്ന നാലാംപ്രതി അദ്വൈത് മണികണ്ഠനും അഞ്ചാം പ്രതി ആദിലും പൊലീസ് കാവലിൽ കൊളേജിലെത്തി പരീക്ഷയെഴുതി.

click me!