
തിരുവനന്തപുരം:കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ.സർവകലാശാലക്ക് മുന്നിൽ ഗവർണർക്കും വി സി ക്കുമേതിരെ ബാനർ കെട്ടിയ എസ്.എഫ്.ഐ. പകരം താൽക്കാലിക വിസിയായി നിയമിതയായ ഡോ. സിസ തോമസിനും മുന്നറിയിപ്പും നൽകി. എസ്.എഫ്.ഐ എന്താണെന്ന് സിസ തോമസിന് അറിയാമെന്നും ചുമതല ഏൽക്കാൻ വരട്ടെ അപ്പോൾ കാണാമെന്നുമാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദൻ എം എ പ്രതികരിച്ചത്. സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റദ്ദാക്കി ഗവർണ്ണറോട് അനാദരവ് കാണിച്ചെന്ന് വിമർശിച്ചാണ് രജിസ്ട്രാർക്ക് നേരെ അസാധാരണ നടപടി എടുത്തത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെഎസ് അനിൽകുമാർ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.
വിസി മോഹൻകുന്നുമ്മലിൻറെ നടപടിയെ സർക്കാറും തള്ളിപ്പറഞ്ഞു. സർക്കാറും ഗവർണ്ണറും തമ്മിലെ പോരിനിടെയാണ് രജിസ്ടാറിനെതിരെ വിസി വാളെടുത്തത്. സിണ്ടിക്കേറ്റ് ചേരാത്ത സമയത്ത് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന സർവ്വകലാശാല വകുപ്പ് 10 അനുസരിച്ചാണ് അസാധാരണ നടപടി. 25 ന് സെനറ്റ് ഹാളിലെ പരിപാടിക്ക് ഗവർണ്ണർ എത്തിയശേഷം അനുമതി റദ്ദാക്കിയെന്നാണ് വിസിയുടെ കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി ചാൻസ്ലറോട് ്അനാദരവ് കാണിച്ചെന്ന് വിമർശിച്ചാണ് നടപടി. രജിസ്ട്രാറെ നിയമിക്കുന്ന സിണ്ടിക്കേറ്റിനാണ് അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം എന്നിരിക്കെ വിസിയുടെ നടപടി വിവാദത്തിലാണ്. ഗവർണ്ണർ സെനറ്റ് ഹാളിലേക്ക് എത്തും മുമ്പ് തന്നെ പരിപാടിയുടെ അനുമതി റദ്ദാക്കിയെന്നാണ് രജിസ്ട്രാറുടെ വിശദീകരണം.
സർക്കാറും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും വിസിയെ തള്ളി രജിസ്ട്രാർക്കൊപ്പമാണ്. സസ്പെൻഷനെതരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്ഭവൻറെ താല്പര്യത്തിന് അനുസരിച്ചാണ് വിസിയുടെ നടപടി. അതേസമയം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന് നിയമസാധുതയില്ലെന്ന സർക്കാർ നിലപാടാണ് രജിസ്ട്രാർ നടപ്പാക്കിയത്. മതപരമായ ചിഹ്നങ്ങൾ പാടില്ലെന്ന സർവ്വകലാശാല നിബന്ധന ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാർ പരിപാടി റദ്ദാക്കിയത്. ഏതാണ് മതപരമായ ചിഹ്നമെന്ന വിസിയുടെ ചോദ്യത്തിന് രജിസ്ട്രാർ മറുപടി നൽകിയിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam