കേരളം പിഎം ശ്രീയുടെ ഭാഗമാകുമ്പോൾ ചർച്ച ചെയ്യേണ്ട രണ്ട് കാര്യങ്ങൾ, വിശദീകരിച്ച് എസ്എഫ്ഐ; 'ഒളിച്ചുകടത്തൽ പ്രതിരോധിക്കും'

Published : Oct 24, 2025, 02:05 PM IST
m sivaprasad v sivankutty

Synopsis

പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ പുതിയ വിദ്യാഭ്യാസ നയം ഒളിച്ചുകടത്താൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: പിഎം ശ്രീയിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തെ കേരളത്തിൽ പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ. പിഎം ശ്രീ എന്ന പദ്ധതി രാജ്യത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി തയാറാക്കിയിട്ടുള്ള പദ്ധതി എന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഗവ. സ്കൂളുകളുടെ സ്ഥിതി പരമ ദയനീയമാണ്. ലക്ഷകണക്കിന് കുട്ടികൾ ഇപ്പോഴും ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കേണ്ടി വരുന്ന ഗതികേട് നമ്മുടെ രാജ്യത്ത് ഉണ്ട്. ഒരു കുട്ടിയുടെ വിദ്യാഭ്യാസം അവന്‍റെ അവകാശമാണെന്ന് ഭരണഘടനയിൽ തന്നെ ലിഖിതമായ നാട്ടിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇപ്പോഴും സ്കൂളിന്‍റെ പടി കടക്കാൻ കഴിയാത്തവരുണ്ട് എന്നത് നാം ഗൗരവത്തോടെ കാണേണ്ടതാണ്.

ബിജെപിയുടെ 11 വർഷത്തെ ഭരണത്തിലും ഇതിന് മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതും നാം പ്രത്യേകം ശ്രദ്ധിക്കണം. ഇതാണ് സ്ഥിതി എന്നിരിക്കെ 2019 ൽ പുതിയ വിദ്യാഭ്യാസ നയം കേന്ദ്രം ആവിഷ്കരിക്കുന്നത്. അടിസ്ഥാനപരമായി വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പരിമിതികളെ മറികടക്കുന്നതിന് ഉള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായി സംഘപരിവാർ ആശയങ്ങൾ ഉൾചേർത്ത് കാവിവൽകരിക്കാനാണ് ഈ നയം ലക്ഷ്യം വെച്ചത്. ഇതിന്‍റെ ഭാഗമായി എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് യഥാർഥ വസ്തുതകളെ സെൻസർ ചെയ്തും ചരിത്രത്തെ അപനിർമ്മിച്ചും, ശാസ്ത്രത്തെ മിത്തുകളുമായി കൂട്ടി കെട്ടിയും അവതരിപ്പിച്ചത് നാം കണ്ടതാണ്. ഇത് തുടരുകയാണ്.

ഈ നയം നിലനിൽകുന്ന രാജ്യത്തെ ഒരു സംസ്ഥാനമായ കേരളത്തിൽ ഇതിന് ബദലായി വിദ്യാഭ്യാസ മേഖലയെ മതനിരപേക്ഷമായി നിലനിർത്താൻ സാധിക്കുന്നത് നാം ഉയർത്തിപ്പിടിക്കുന്ന വ്യക്തമായ മതനിരപേക്ഷ - ജനാധിപത്യ മൂല്യങ്ങളും കാഴ്ചപ്പാടുകളും കൊണ്ടാണ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും കേരളത്തിൽ ഉണ്ട് എന്ന് മാത്രമല്ല അത് നമ്മുടെ നാട്ടിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കു പോലും ലഭ്യമാണ് എന്നതാണ് കേരളത്തിന്‍റെ പ്രത്യേകത.

ഒരു കുട്ടി പോലും കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നില്ല എന്നത് നമ്മുക്ക് ഏറെ അഭിമാനിക്കാൻ വക നൽകുന്നതാണ്. സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ ഇന്ന് ഏത് പ്രൈവറ്റ് സ്കൂളുകളെയും വെല്ലുന്ന നിലവാരത്തിലായത് ഈ കാലയളവിലാണ്. ഇതെല്ലാം കേന്ദ്ര നയത്തിന് ബദലായി നാം നേടിയതാണെന്ന് ഓർക്കണം. എൻഇപി പിൻതുടരാതെ തന്നെ സ്കൂൾ വിദ്യാഭ്യാസത്തിൽ ലോക മാതൃക സൃഷ്ടിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. എബിവിപിക്കാർ ഇത് മനസിലാക്കുന്നത് നല്ലതാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് പറഞ്ഞു.

രണ്ട് കാര്യങ്ങൾ

കേരളം പിഎം ശ്രീയുടെ ഭാഗമാകുമ്പോൾ ചർച്ച ചെയ്യേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, കേന്ദ്ര സർക്കാരിന്‍റെ എഇപിയുടെ ഭാഗമായ പരിഷ്കരിച്ച പാഠ പുസ്തകം കേരളത്തിൽ എത്തുമോ? വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാരിന്‍റെ വർഗ്ഗീയവൽകരണം പാഠപുസ്തകങ്ങളിലൂടെ ആണ്. എന്നാൽ നിലവിൽ സംസ്ഥാനത്ത് 1 മുതൽ 10 വരെയുള്ള കുട്ടികൾക്ക് എസ്‍സിഇആർടിയുടെ പാഠപുസ്തകവും സിലബസുമാണ് പഠിപ്പിക്കുന്നത്. ഇത് മതനിരപേക്ഷ വിദ്യാഭ്യാസത്തെ ഉയർത്തി പിടിക്കുന്നതാണ്. ഈ പാഠ്യപദ്ധതിയിൽ ഒരു വിട്ടുവീഴ്ചയും കേരളത്തിൽ ഉണ്ടാവരുത്.

കേരളത്തിലെ ഇടതുപക്ഷ ഗവ. ഉയർത്തി പിടിക്കുന്ന മത നിരപേക്ഷ നിലപാടിൽ വിശ്വാസമുണ്ട്. ഇതിൽ തന്നെ ഒരു ചോദ്യമുണ്ട്. കേരളത്തിൽ തന്നെ ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങളാണ് ഇന്ന് പഠിപ്പിക്കുന്നത്. ഈ പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാർ നടത്തിയ സംഘപരിവാർ വൽകരണത്തിൽ എന്ത് പ്രതിഷേധമാണ് കേരളത്തിൽ കെഎസ്‍യു - എംഎസ്എഫ് നടത്തിയിട്ടുള്ളത്? എൻസിഇആർടി പാഠപുസ്തക പരിഷ്കരണത്തിനെതിര അതിശക്തമായ സമരങ്ങൾ സംഘടിപ്പിച്ച സംഘടന എസ്എഫ്ഐ ആണെന്നും ശിവപ്രസാദ് വ്യക്തമാക്കി.

രണ്ട്, എൻഇപിയുടെ ഒരു ലക്ഷ്യം വിദ്യാഭ്യാസത്തിന്‍റെ കച്ചവട വൽകരണമാണ്. ഇതിന്‍റെ ഭാഗമായ സ്കൂൾ മെർജർ കേരളത്തിൽ നടപ്പിലാകുമോ? കേരളത്തിലേക്ക് നോക്കിയാൽ എല്ലാ പ്രദേശങ്ങളിലും ഗവൺമെന്‍റ്, എയ്ഡഡ് സ്കൂളുകൾ കാണാം. വീട്ടിൽ നിന്ന് നടന്ന് പോകാവുന്ന ദൂരത്തിൽ കുട്ടികൾക്ക് സ്കൂളുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ എൻഇപി മുന്നോട്ട് വെയ്ക്കുന്ന സ്കൂൾ മെർജർ നമ്മുടെ സാഹചര്യത്തിൽ ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്തതാണ്. അത് കൊണ്ടുതന്നെ കേരളത്തിൽ സ്കൂൾ മെർജർ നടപ്പിലാക്കാൻ പാടില്ല.

ഈ രണ്ടു കാര്യങ്ങളിലും ഇടതുപക്ഷം തുടർന്നു വരുന്ന മതനിരപേക്ഷ നയം തുടരും എന്നാണ് വിദ്യാഭാസ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. പിഎം ശ്രീയിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്തുന്ന വർഗീയ അജണ്ടകളും, നടപ്പിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിസന്ധികളെ പറ്റിയുള്ള ആശങ്കകളും സംസ്ഥാന സർക്കാരിനെ അറിയിക്കും. അതുൾക്കൊണ്ട് സർക്കാർ തീരുമാനം കൈകൊള്ളുമെന്ന് ഉറപ്പുണ്ട്. എന്നാൽ എൻഇപി വരുന്നതിന് മുമ്പ് തന്നെ കേരളത്തിൽ ലാഭകരമല്ല എന്ന് മുദ്രകുത്തി സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത് കേരളത്തിലെ യുഡിഎഫ് സർക്കാർ ആയിരുന്നു എന്ന് ഓർക്കണം.

യുഡിഎഫ് അടച്ചുപൂട്ടാൻ ശ്രമിച്ച ആ സ്കൂളുകൾ നിലനിർത്തിയതിന്‍റെ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്‍റേത്. കേരളത്തിലെ ഇടതുപക്ഷം ഒരു സ്കൂളും അടച്ചു പൂട്ടിയിട്ടില്ല. ഇത് തുടരണം. പിഎം ശ്രീയുടെ ഭാഗമായ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാവർക്കും അറിയാം. എന്നാൽ ഈ സംസ്ഥാനങ്ങളിലെ പാഠ്യ പദ്ധതി ആര്‍എസ്എസിന് അടിയറവെച്ചതിന് രാജ്യത്തെ കോൺഗ്രസ് മറുപടി പറയുന്നുണ്ടോ? കർണ്ണാടകയിലും, ഹിമാചൽ പ്രദേശിലും, തെലങ്കാനയിലും അടച്ചു പൂട്ടിയ സ്കൂളുകളുടെ എണ്ണം നാം ഓർക്കേണ്ടതല്ലേ? കേരളത്തിലെ ഉന്നത വിദ്യാഭാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാൻ ആർഎസ്എസ് നടത്തിയ പരിശ്രമങ്ങളോട് കോൺഗ്രസും കെഎസ്‍യു - എംഎസ്എഫ് സംഘടനകളും സ്വീകരിച്ച നിലപാട് എന്താണ്? കെഎസ്‍യുവിന് ഇതിന് മറുപടി ഉണ്ടോയെന്നും ശിവപ്രസാദ് ചോദിച്ചു.

അതുകൊണ്ട് തന്നെ കൃത്യമായി പറയുന്നു. വിദ്യാഭ്യാസം പുരോഗമനപരവും, ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊള്ളുന്നതും, മതനിരപേക്ഷവും ആകണം. ഇതിനായി ഇന്ന് ഇന്ത്യയിൽ പോരാട്ടം നയിക്കുന്നവരാണ് എസ്എഫ്ഐക്കാർ. ആ പോരാട്ടം ഞങ്ങൾ തുടരും. മതനിരപേക്ഷ - ജനാധിപത്യ മൂല്യമുള്ള വിദ്യാഭ്യാസത്തിൽ ലോക മാതൃകയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളം. ഇത് തുടരും. പിഎം ശ്രീയിലൂടെ കേന്ദ്ര സർക്കാർ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന വർഗ്ഗീയ വിദ്യാഭ്യാസ നയത്തിനെതിരായി അതിശക്തമായ എഫ്എസ്ഐ പ്രതിരോധവും പ്രതിഷേധവും തുടരുമെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു