പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവാതിക്ക് രാഹുൽ ഗാന്ധി സമ്മാനിച്ചു. എറണാകുളത്ത് നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
കൊച്ചി: പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവാതിക്ക് രാഹുൽ ഗാന്ധി സമ്മാനിച്ചു. എറണാകുളത്ത് നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 98 വയസുള്ള ലീലാവതി ടീച്ചർ ഇപ്പോഴും മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.നിശബ്ദതയുടെ സംസ്കാരം രാജ്യമെങ്ങും വ്യാപിച്ചിരിക്കുകയാണെന്നും എതിർക്കേണ്ട കാര്യങ്ങളിൽ പോലും ശബ്ദം ഉയരുന്നില്ലെന്നും ആർത്തിയുടെ രാഷ്ട്രീയമാണ് നിശബ്ദതയുടെ രാഷ്ട്രീയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പുരസ്കാരത്തിന് നന്ദി പറഞ്ഞ് പ്രൊഫ. എം ലീലാവതി
ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്ന് നന്ദിയുണ്ടെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രൊഫ. എം ലീലാവതി പറഞ്ഞു. രാഹുലിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നെഹ്‌റു കുടുംബത്തിൽ നിന്ന് രാജ്യത്തിനുവേണ്ടി രണ്ട് പേർ രക്തസാക്ഷികളായി. ചെറുപ്പം മുതൽ രാജ്യത്തിന് വേണ്ടി പലതും ഉപേക്ഷിച്ചയാളാണ് ഇന്ദിരയെന്നും ലീലാവതി പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജ്യം ഭരിക്കുന്ന നാളുകൾ ഉടനുണ്ടാകും. അവാർഡ് തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും ലീലാവതി പറഞ്ഞു. പുരസ്കാര സമ്മാനത്തിനുശേഷം രാഹുൽ ഗാന്ധി കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മഹാ പഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയി.
മഹാ പഞ്ചായത്തിന് ഒരുങ്ങി കൊച്ചി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന മഹാ പഞ്ചായത്തിന് കൊച്ചിയിൽ ഒരുക്കം പൂര്‍ത്തിയായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ 15000ത്തിലധികം കോൺഗ്രസ് ജനപ്രതിനിധികളാണ് കെപിസിസി സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള ജന പ്രതിനിധികൾ സമ്മേളന നഗരിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, സച്ചിൻ പൈലറ്റ്, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, കനയ്യ കുമാർ, കർണാടക ഊർജ വകുപ്പ് മന്ത്രി കെ ജെ ജോർജ് ഉൾപ്പെടെയുള്ള നേതൃനിര പങ്കെടുക്കും.
വടക്കൻ ജില്ലകളിൽ നിന്നെത്തി ചേരുന്നവർ കളമശ്ശേരിയിൽ നിന്ന് കണ്ടെയ്നർ റോഡിലൂടെ വന്ന് ബോൾഗാട്ടി പാലസ് ഗ്രൗണ്ട്, ആൽഫാ ഹൊറൈസൺ കൺവെൻഷൻ സെൻ്റർ, വല്ലാർപാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപവും, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ വില്ലിംഗ്ടൺ ഐലൻ്റിലും, ബി ഒ ടി പാലത്തിന് സമീപവുമാണ് പാർക്ക് ചെയ്യേണ്ടത്.



