
കൊച്ചി: എറണാകുളം ഇടക്കൊച്ചിയിൽ എസ് എഫ് ഐ നേതാവിന് പൊലീസിന്റെ മർദനം. പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി എസ് വിഷ്ണുവിനെയാണ് പള്ളുരുത്തി എസ് ഐ അശോകൻ ജീപ്പിലിട്ട് മർദിച്ചത്. സംഭവത്തിൽ വിഷ്ണു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം വാഹന പരിശോധനക്കിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹെൽമെറ്റ് വെക്കാതെ ഇരുചക്രവാഹനത്തിലെത്തിയ വിദ്യാർത്ഥിയെ എസ്ഐ അസഭ്യം പറഞ്ഞപ്പോൾ താൻ ചോദ്യം ചെയ്തുവെന്നും ഇതിനാണ് ജിപ്പിൽ കയറ്റി തന്നെ മർദിച്ചതെന്നുമാണ് വിഷ്ണുവിന്റെ വാദം. എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റാണെന്ന് പറഞ്ഞെങ്കിലും മുഷ്ടി ചുരുട്ടി ഇടിച്ചു. ജാതീയമായി അധിക്ഷേപിച്ചുവെന്നും വിഷ്ണു ആരോപിച്ചു.
എന്നാൽ വിഷ്ണുവിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വാഹന പരിശോധന നടത്തുന്ന പൊലീസുകാരെ അസഭ്യം പറഞ്ഞപോപൾ ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നും കർത്തവ്യ നിർവഹണം തടസ്സപ്പെടുത്തിയതിനു കേസ് എടുത്തുവെന്നുമാണ് പള്ളുരുത്തി പൊലീസ് വ്യകാതമാക്കുന്നത്. വിഷ്ണുവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കരുവേലിപടിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് വിഷ്ണു.
Also Read : മലപ്പുറത്ത് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, നാഭിക്കുള്‍പ്പെടെ ചവിട്ടി; മഫ്തിയില്‍ വന്ന പൊലീസുകാരനെതിരെ പരാതി
കഴിഞ്ഞ ദിവസം, കോതമംഗലത്ത് നിന്നും സമാനമായ പരാതി ഉയർന്നിരുന്നു. പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാർത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയ എസ് എഫ് ഐ കോതമംഗലം ലോക്കൽ സെക്രട്ടറി റോഷിനെയാണ് പൊലീസ് മർദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
Also Read : എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ മർദിച്ച സംഭവം; കോതമംഗലം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍
കോതമംഗലം തങ്കളം ബൈപ്പാസിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുനിന്ന വിദ്യാർത്ഥി സംഘത്തിലെ ഒരാളെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് പിടിച്ചുകൊണ്ടുപോയ സഹവിദ്യാർഥിയെ അന്വേഷിച്ചാണ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അടക്കമുളളവർ പൊലീസ് സ്റ്റേഷനിലെത്തിയത്. അവിടെവെച്ചാണ് എസ്എഫ്ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയായ റോഷനെ അകത്തേക്ക് പിടിച്ചുകൊണ്ടുപോയി എസ് ഐ മാഹിൻ സലീം മർദിച്ചത്. പരാതി ഉയർന്നതിന് പിന്നാലെ ആരോപണ വിധേയനായ എസ് ഐ മാഹിൻ സലീമിനെ എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Also Read : 'നീ എസ്എഫ്ഐക്കാരനാണല്ലേ' ; കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകന്റെ മുഖത്തടിച്ച് എസ്ഐ