
തിരുവനന്തപുരം: പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാറും എസ്ഐ ജി ഗോകുലും കാരണം കാണിക്കൽ നോട്ടീസ് നല്‍കി. നാല് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ കാണിക്കൽ നോട്ടീസിൽ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ, എസ് ഐ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് സി ഐ സതീഷ് കുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. രണ്ട് കാര്യങ്ങളും സേനയുടെ അച്ചടക്കം ലംഘിച്ചുള്ളതാണെന്ന് സെപ്ഷ്യല്‍ ബ്രാഞ്ചിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിന്നാലെ അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ്എച്ച്ഒയെ ആഭ്യന്തരവകുപ്പ് തിരികെ വിളിപ്പിച്ചു. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്. എസ്എച്ച്ഒയെയും എസ്ഐയെയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നായിരുന്നു എസ്എഫ്ഐയുടെയും സിപിഎമ്മിൻ്റെയും ആവശ്യം. അവധി വിവാദത്തിലായതോടെയാണ് എസ്എച്ച്ഒ സതീഷ് കുമാറിനെ തിരികെ വിളിപ്പിച്ചത്.
തലസ്ഥാനത്ത് സ്റ്റേഷനുകളിലേക്കും പൊലീസുദ്യോഗസ്ഥരുടെ വീടുകളിലേക്കും നേരിട്ടുള്ള സമരങ്ങള്‍ ഇന്നില്ലെങ്കിലും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. എസ്എച്ച്ഒ സതീഷ് കുമാറിനും എസ്ഐ ജി ഗോകുലിനുമെതിരെയാണ് ഇടത് സംഘടനകളുടെ പ്രതിഷേധം. ഹോസ്റ്റലിലെ സംഘർഷത്തിൻ്റെയും വെല്ലുവിളി ഫേസ്ബുക്ക് പോസ്റ്റിൻ്റെയും പശ്ചാത്തലത്തിത്തിൽ രണ്ട് പേരെയും കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയും സിഐയും അവധിയിലേക്ക് പോയത്. അവധി വിവാദം ചർച്ചയായതിന് പിന്നാലെ ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച് എസ്എച്ച്ഒ തിരികെയെത്തി. ഭരണാനുകൂല പൊലീസ് സംഘടന ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പകരം എസ്എച്ച്ഒ ആയി നിയമിച്ചത് ഇടത് കാലത്തെ എസ്എച്ച്ഒ ആയ ഉദ്യോഗസ്ഥനാണ് ഇയാളെ തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എസ്ഐ മൂന്ന് ദിവസത്തെ പരിശീലനത്തിലാണ്. വിവാഹ ആവശ്യങ്ങൾക്കായി എസ്ഐക്ക് ഒരു മാസത്തെ അവധി അനുവദിച്ചിട്ടുണ്ട്. അതേസമയം, രണ്ടുപേരെയും ഉടൻ മാറ്റില്ലെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നിലപാട്. ഉദ്യോഗസ്ഥർക്കെതിരായ പെട്ടന്നുള്ള നടപടി സേനക്കുള്ളിൽ അമർഷമുണ്ടാക്കുമെന്ന വിലയിരുത്തിലാണ് ആഭ്യന്തരവകുപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam