
തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തില്‍ കെ എസ് യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചതിന് പിന്നാലെ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വകയെന്നാണ് വിമര്‍ശനം.
കെ എസ് യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നത്. ഇതിന് പിന്നാലെ രാത്രി ഹോസ്റ്റലില്‍ കയറി നിരവധി കെ എസ് യു പ്രവർത്തകരെ എസ്എഫ്ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. പൊലീസിന്റെ കണ്മുന്നിൽ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഒരു ഇന്നോവയിൽ മദ്ദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി ഷാഫി ഫേസബുക്ക് കുറിപ്പില്‍ പറയുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് അക്രമ സംഭവമുണ്ടായത്.
ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
നവോത്ഥാനവും സ്ത്രീപക്ഷ കേരളവും SFI ക്കാർ വക. തിരുവനന്തപുരം ലോ കോളേജിലെ KSU യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് ക്രൂരമായ ആൾക്കൂട്ട മർദ്ദനം നടത്തി. രാത്രി ഹോസ്റ്റലുകൾ കയറി നിരവധി കെ എസ് യു പ്രവർത്തകരെയാണ് sfi ഗുണ്ടകൾ മർദ്ദിച്ചത്.പൊലീസിന്റെ കണ്മുന്നിൽ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഒരു ഇന്നോവയിൽ മദ്ദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ലോ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ എട്ടുപേരും എസ്എഫ്ഐ പ്രവർത്തകരാണ്. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നു.അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെ.എസ്.യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കെഎസ് യൂ യൂണിറ്റ് പ്രസിഡണ്ടായ സഫ്ന അടക്കം രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.