പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്ത്. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സഭാ സിനഡ് യോഗത്തിൽ പങ്കെടുത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു
കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെ പി സി സി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ എൻ എസ് എസ് ജനറൽ സെക്രട്ടറിയും സതീശനെതിരെ കടുപ്പിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.
സമുദായ ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യം
എസ് എൻ ഡി പി - എൻ എസ് എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻ എസ് എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തള്ളി. മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു. എൻ എസ് എസിന് പാർലമെന്‍ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലിം വിരോധിയല്ല. ലിഗീനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


