ഷഹബാസ് കൊലക്കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷയെഴുതി

Published : Mar 03, 2025, 02:13 PM IST
ഷഹബാസ് കൊലക്കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷയെഴുതി

Synopsis

വെള്ളിമാട് കുന്ന് ജുവൈനല്‍ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ പരീക്ഷ കേന്ദ്രത്തില്‍ ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് പേരും എസ്എസ്എല്‍സി പരീക്ഷയെഴുതി.

കോഴിക്കോട്: പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷയെഴുതി. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് ഇവര്‍ക്കായി പരീക്ഷ കേന്ദ്രമൊരുക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട 85 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഷഹബാസ് വധക്കേസില്‍ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

കേരളമെങ്ങുമുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെ പരീക്ഷ ഹാളിലേക്ക് എത്തുമ്പോള്‍ സഹപാഠികളുടെ ക്രൂരതയ്ക്കിരയായി ജീവന്‍പൊലിഞ്ഞ ഷഹബാസിനെക്കുറിച്ചുള്ള കണ്ണീരോര്‍മകളിലാണ് പ്രിയപ്പെട്ടവര്‍. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ വിദ്യാര്‍ത്ഥ സംഘടനകളുടെ പല വിധത്തിലുള്ള പ്രതിഷേധ രൂപങ്ങള്‍, പൊലീസുമായുളള സംഘര്‍ഷം. ഇതിനെല്ലാം നടുവില്‍ വെള്ളിമാട് കുന്ന് ജുവൈനല്‍ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ പരീക്ഷ കേന്ദ്രത്തില്‍ ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് പേരും എസ്എസ്എല്‍സി പരീക്ഷയെഴുതി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നെങ്കിലും കനത്ത പ്രതിഷേധം ഉറപ്പായതിനാല്‍ ഇവര്‍ പഠിച്ചിരുന്ന താമരശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇവരെ പരീക്ഷയ്ക്ക് എത്തിക്കാനാകില്ലെന്ന് വ്യക്തമായതോടെ മറ്റ് സാധ്യതകള്‍ പൊലീസും വിദ്യാഭ്യാസ വകുപ്പും തേടിയിരുന്നു. 

പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കി. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതികള്‍ക്ക് ഇന്ന് തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബാസിന്‍റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, കേസ് അന്വേഷിക്കുന്ന താമരശേരി പൊലീസ് പ്രധാന പ്രതിയുടെ പിതാവിനെയും കേസില്‍ പ്രതി ചേര്‍ക്കാനുളള നടപടി തുടങ്ങി. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനത്തിലാണ് ഈ നീക്കം. ഇയാള്‍ താമരശേരി പെലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ഡ്രൈവറാണ് ഇയാളിപ്പോള്‍. പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം താമരശേരി സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാര്‍ത്ഥിനിക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്