Asianet News MalayalamAsianet News Malayalam

'വിദ്യാഭ്യാസ യോഗ്യത കള്ളമെന്ന് വ്യക്തമായി', ഷാഹിദാ കമാൽ രാജിവെക്കണമെന്ന് പരാതിക്കാരി അഖിലാ ഖാൻ

രണ്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും നൽകിയ ബികോ ബിരുദം കളവാണെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലുള്ളത്.

lokayukta  education qualification case akhila khan says that shahida kamal must resign from women commission
Author
Kerala, First Published Nov 9, 2021, 4:02 PM IST

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയിൽ കള്ളം പറഞ്ഞെന്ന് വ്യക്തമായ സാഹചര്യത്തിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ (shahida kamal) രാജിവെക്കണമെന്ന് ലോകായുക്തയിലെ പരാതിക്കാരി അഖിലാ ഖാൻ. യോഗ്യതകൾ തെറ്റാണെന്നും ഷാഹിദ തന്നെ സമ്മതിച്ചിരിക്കുകയാണെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അഖിലാ ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രണ്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും നൽകിയ ബികോ ബിരുദം കളവാണെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലുള്ളത്. വിയറ്റ്നാം യൂണിവേഴ്സിറ്റിൽ നിന്നും സ്ത്രീശാക്തീകരണത്തിൽ ഡോക്ടേറ്റുണ്ടെന്ന മുൻ നിലപാട് തിരുത്തിയ ഷാഹിദ, ഡോക്ടറേറ്റ് കസാഖിസ്ഥനിൽ നിന്നാണെന്നും മറുപടി നൽകി. പുതിയ വിശദീകരണം മാത്രം കൊണ്ട് ഷാഹിദ സ്ഥാനത്ത് തുടരാൻ യോഗ്യയല്ലെന്ന് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത ലോകായുക്തയെ സമീപിച്ച അഖിലാ ഖാൻ വ്യക്തമാക്കി. 

വിദ്യാഭ്യാസ യോഗ്യത പരാതിയിൽ ഇടപെടാൻ ലോകായുക്തക്ക് അധികാരമില്ലെന്ന ഷാഹിദയുടെ വാദവും പരാതിക്കാരി തള്ളുന്നു. നീതിനേടി വനിതാ കമ്മീഷനെ സമീപിച്ചപ്പോള്‍ ഷാഹിദയിൽ നിന്നും നീതി ലഭിക്കാത്ത ഒരാളെന്ന നിലയിലാണ് ലോകായുക്തയെ സമീപിച്ചതെന്നും അഖില പറയുന്നു. ഈ മാസം 25നാണ് ലോകായുക്ത കേസ് പരിഗണിക്കുന്നത്.

ഡോക്ടറേറ്റ് നേടിയത് കസാക്കിസ്ഥാൻ ഓപ്പണ് യൂണിവേഴ്സിറ്റിയിൽ നിന്ന്' : വിചിത്രവാദങ്ങളുമായി ഷാഹിദ കമാൽ

ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചക്കിടെയാണ് വട്ടപ്പാറ സ്വദേശി അഖിലാ ഖാൻ ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. എന്നാൽ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങള്‍ക്ക് വിദേശത്തുള്ള ഓപ്പണ്‍ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചുവെന്നും ബികോമിൽ ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പിജിയുമുണ്ടാന്നായിരുന്നു ഇതിനു പിന്നാലെ ഷാഹിത കമാൽ തന്നെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചത്. ഷാഹിദാ കമാൽ നൽകിയ വിശദീകണ പ്രകാരം വിയറ്റാമിലെ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റെന്നാണ് സാമൂഹിക നീത വകുപ്പ് വിവരവാകശ പ്രകാരം മറുപടിയും നൽകി.

എന്നാൽ  ഷാഹിദക്കെതിരെ അഖിലാ ഖാൻ ലോകായുക്തക്ക് നൽകിയ പരാതിയിൽ നൽകിയ വിശദീകരണത്തിൽ ഷാഹിദ വീണ്ടും തിരുത്തി. ചടയമംഗലത്തും കാസർഗോഡും മത്സരിക്കുമ്പോള്‍ കേരള സർവ്വകലാശായിൽ നിന്നും ഡിഗ്രി നേടിയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലമെന്നും എന്നാൽ ഇത് അബദ്ധം സംഭവിച്ചതാണെന്നുമാണ് ഷാഹിദയുടെ വിശദീകരണം. 

2016 ൽ അണ്ണാമലൈ സർവ്വകലാശായിൽ നിന്നും ഡിഗ്രിയും അവിടെ നിന്നും പിജിയും നേടിയെന്നാണ് നിലവിലെ വാദം. ഖസാഖിസ്ഥാന് ആസ്ഥാനമായ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻററി മെഡിസിനിൽ നിന്നാണ് ഡോക്ടറേറ്റെന്നും, വിദേശ സർവ്വകലാശാകള്‍ നൽകുന്ന ഓണററി ഡോക്ടറേറ്റ് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ഷാഹിദയുടെ വിശദീകരണം. അഖില ഖാൻ  വ്യക്തിഹത്യ നടത്താനാണ് പരാതി നൽകിയതെന്നും ഷാഹദ വിശദീകരണത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios