
തിരുവനന്തപുരം: ശാന്തി നിയമനത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്ത് ഹൈക്കോടതി ചോദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സഹായികളിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വമെന്നും വ്യക്തമാക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്താനാണ് കോടതിയുടെ നിർദ്ദേശം. പുതിയ മേൽശാന്തിമാർ ചാർജ് എടുക്കുമ്പോൾ ഇവർക്കൊപ്പം സഹായികളായി നിരവധി പേരാണ് ശബരിമലയിലെത്തുക. ഉണ്ണികൃഷ്ണൻ പോറ്റിയും ആദ്യം കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയിൽ എത്തിയത്.
തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശാന്തി നിയമനത്തിന് ദേവസ്വം ബോർഡിന്റെയും റിക്രൂട്ട്മെന്റ് ബോർഡിന്റെയും അംഗീകാരമുള്ള തന്ത്രവിദ്യാലയങ്ങളിൽ പഠിച്ചവർക്കും അർഹതയുണ്ടെന്ന് ഹൈക്കോടതി. ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് യോഗ്യതയാക്കിയ നടപടി കോടതി ശരിവച്ചു. സർക്കാറിന്റേയും ദേവസ്വം ബോർഡിന്റേയും അംഗീകാരത്തോടെ റിക്രൂട്ട്മെന്റ് ബോർഡ് നടപ്പാക്കിയ തീരുമാനം ഭരണഘടനാപരവും നിയമനങ്ങളിലെ തുല്യ നീതി ലക്ഷ്യമിട്ടുള്ളതുമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തീരുമാനം റദ്ദാക്കണമെന്നമാവശ്യപ്പെട്ട് അഖില കേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി കോടതി തള്ളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam