
പത്തനംതിട്ട: രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ശശി തരൂർ എംപി പത്തനംതിട്ടയിൽ. പന്തളം വലിയ കോയിക്കൽ ക്ഷേത്രം സന്ദർശിക്കും. അടൂരിൽ ബോധിഗ്രാം സെമിനാറിലും തരൂർ പങ്കെടുക്കും. കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയർമാൻ ജെ എസ് അടൂർ നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് ബോധിഗ്രാം. ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കാത്തതിൽ ജില്ലാ കോൺഗ്രസ് നേതൃത്വം അതൃപ്തിയിലാണ്. പരിപാടിയിലേക്ക് ക്ഷണം ഉണ്ടെങ്കിലും ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കില്ല. ആന്റോ ആന്റണി എംപിയും പി മോഹൻരാജും പങ്കെടുക്കും
വിഴിഞ്ഞം തുറമുഖ സമരം കത്തിനിൽക്കെ കൊച്ചിയിൽ ലത്തീൻ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ചടങ്ങിലും തരൂർ പങ്കെടുക്കും. വികസനത്തിന്‍റെ പേരുപറഞ്ഞ് വിഴിഞ്ഞത്ത് സമരക്കാരെ തളളിപ്പറഞ്ഞെന്ന് സഭാ വൈദികരടക്കം അടക്കംപറയുന്നതിനിടെ, ലത്തീൻ സഭാ ദിനാഘോഷത്തിനായി ശശി തരൂർ എത്തുന്നതിന് ഏറെ രാഷ്ട്രീയമാനങ്ങളുമുണ്ട്. സ്വന്തം പാർട്ടിക്കാർ പോലും പലയിടത്തും പാലം വലിച്ചപ്പോഴും തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ തരൂരിനെ പലതവണ മുങ്ങാതെ കരപറ്റിച്ചത് തീരദേശമേഖലയിലെ ലത്തീൻ ഭൂരിപക്ഷവോട്ടുകളാണ്. എന്നാൽ വിഴിഞ്ഞം തുറമുഖവിഷയത്തിൽ വികസനമാണ് വലുതെന്ന് തരൂർ നിലപാടെടുത്തിടത്താണ് സഭയുമായി അകന്നത്.
തരൂരിനെ പഴയതുപോലെ വിശ്വസിക്കാൻ കൊളളില്ലെന്ന് തലസ്ഥാനത്തെ ലത്തീൻ ഭൂരിപക്ഷമേഖലകളിൽ പ്രചാരണവുമുണ്ടായി. എന്നാൽ ഇടതുപക്ഷം ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ തരൂരിനെ അധികം പിണക്കേണ്ടെന്നാണ് സഭാ നേതൃത്യത്തിന്‍റെ ധാരണ. അദാനി തുറമുഖ കമ്പനിയുടെ അടുപ്പക്കാരയതിനാൽ ബിജെപിയേയും വിശ്വസിക്കാൻ കൊളളില്ലെന്നും അതുകൊണ്ടുതന്നെ തരൂരിനെ കൂടെ നിർത്തുന്നതാണ് തൽക്കാലം നല്ലതെന്നാണ് സഭയിലെ ധാരണ. വിഴിഞ്ഞത്തേക്ക് കേന്ദ്ര സേനയടക്കം വേണ്ടന്ന് തരൂർ പരസ്യ നിലപാടെടുത്തതും ലത്തീൻ സഭയെ സന്തോഷിപ്പിച്ചിട്ടുണ്ട്.
എല്ലാ ഡിസംബറിലേയും ആദ്യത്തെ ഞായറാഴ്ചയാണ് ലത്തീൻ കത്തോലിക്കാ സഭാ ദിനമായി ആചരിക്കുന്നത്. കൊച്ചി മറൈൻഡ്രൈവിൽ വൈകുന്നേരം നടക്കുന്ന ഈ ആഘോഷത്തിലേക്കാണ് തരൂരുമെത്തുന്നത്. എന്നാൽ തീരദേശമേഖലയിലെ എല്ലാം എംപിമാരേയും വിളിച്ചകൂട്ടത്തിൽ ആശംസാ പ്രസംഗത്തിനാണ് തരൂരിനെ ക്ഷണിച്ചിരിക്കുന്നതെന്നാണ് സഭാ വൃത്തങ്ങളുടെ നിലപാട്.
'അവർ ക്ഷണിക്കുന്നു, ഞാൻ പോകുന്നു'; ബിഷപ്പുമാരെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam