ശശി തരൂരിന് വിയന്നയിൽ ഉജ്ജ്വല സ്വീകരണം, സംവാദത്തിൽ വിവിധ ഭാഷകളിൽ മറുപടി, സദസിൽ നിറഞ്ഞ് കയ്യടി

By Web TeamFirst Published Jan 31, 2023, 8:12 PM IST
Highlights

പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിയന്ന മലയാളികൾക്കൊപ്പം ഓസ്ട്രിയയിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാരും, സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും എത്തി

വിയന്ന: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന് വിയന്നയിൽ സ്വീകരണം. ശനിയാഴ്ച വൈകുന്നേരം വിയന്നയിലെ പ്രോസി ഇന്ത്യൻ റെസ്റ്റോറന്‍റിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിയന്ന മലയാളികൾക്കൊപ്പം ഓസ്ട്രിയയിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാരും, സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്നാണ് തരൂരിന് സ്വീകരണം നൽകിയത്. സ്വീകരണത്തിന് ശേഷം ശശി തരൂർ സംവാദത്തിലും പങ്കെടുത്തു.

വിവാഹേതര ലൈംഗിക ബന്ധം: 2018 ലെ വിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി; 'വിധി സൈനിക നിയമത്തിന് ബാധകമല്ല'

ഡബ്യു എം എഫിന്‍റെ ആദരസൂചകമായി ഡബ്യു എം എഫ് സ്ഥാപകനും ഗ്ലോബൽ ചെയ‍ർമാനുമായ ഡോക്ടർ പ്രിൻസ് പള്ളിക്കുന്നേൽ ശശി തരൂരിനെ പൊന്നാട അണിയിക്കുകയും ഡബ്യു എം എഫ് നാഷണൽ പ്രസിഡന്‍റ് ജേക്കബ് കീക്കാട്ടിൽ ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഡബ്യു എം എഫ് ഗ്ലോബൽ ചെയ‍ർമാന്‍റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ ഷാജി കിഴക്കേടത്ത് (സെക്രട്ടറി ഡബ്യു എം എഫ് , ഓസ്ട്രിയ) സ്വാഗതമാശംസിക്കുകയും മാത്യു ചെറിയാൻകളയിൽ (ഡബ്യു എം എഫ് ഗ്ലോബൽ ജോയിന്‍റ് സെക്രട്ടറി) തരൂരിനെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണം നടത്തുകയും ചെയ്തു.

ഡോക്ടർ പ്രിൻസ് പള്ളിക്കുന്നേൽ തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ വളർച്ചയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. തുടർന്ന് ഡോ. ശശി തരൂർ ദേശീയ സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. പിന്നീട് നടന്ന സംവാദത്തിൽ സദസിന്‍റെ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം വിവിധ ഭാഷകളിൽ ആധികാരികമായ മറുപടി നൽകുകയുണ്ടായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനു വേണ്ടി സിറോഷ് ജോർജിന്‍റെ (ഡബ്യു എം എഫ് ഗ്ലോബൽ ഉപദേശക സമിതി അംഗം) നേതൃത്വത്തിലും കെ എം സി സിക്കു വേണ്ടി ഡോക്ടർ മുഹമ്മദലി കൂണാരിയുടെ നേതൃത്വത്തിലും ശശി തരൂരിനെ ആദരിച്ചു. ഫാദർ വിൽസൻ മേച്ചേരിൽ ഫാദർ ജോഷി വെട്ടിക്കാട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു. റെജി മേലഴകത്ത് (കോർഡിനേറ്റർ ഡബ്യു എം എഫ് ഓസ്ട്രിയ) നന്ദി അർപ്പിച്ചു. യോഹനാസ് പഴേടത്താണ് പരിപാടികൾ മോഡറേറ്റ് ചെയ്തത്. മനോജ് ചൊവ്വക്കാരൻ നേതൃത്വം നൽകിയ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.

click me!