അവഗണനയിലെ കടുത്ത അതൃപ്തിക്കപ്പുറം ഉന്നത ലക്ഷ്യങ്ങള്‍ പരസ്യമാക്കി തരൂര്‍; വെട്ടിലായി സംസ്ഥാന കോൺഗ്രസ് നേതൃത്വം

Published : Feb 23, 2025, 02:59 PM IST
അവഗണനയിലെ കടുത്ത അതൃപ്തിക്കപ്പുറം ഉന്നത ലക്ഷ്യങ്ങള്‍ പരസ്യമാക്കി തരൂര്‍; വെട്ടിലായി സംസ്ഥാന കോൺഗ്രസ് നേതൃത്വം

Synopsis

അവഗണനയിലെ കടുത്ത അതൃപ്തിക്കപ്പുറം കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം വേണമെന്ന ആവശ്യമാണ് ശശി തരൂര്‍ പരസ്യമാക്കുന്നത്. കേരളത്തിലെ നേതൃത്വം നയിക്കാന്‍ പോരെന്ന് വെട്ടിത്തുറന്ന് പറയുമ്പോള്‍ തരൂര്‍ പുറത്തേക്കെന്ന സൂചനകള്‍ തന്നെയാണ് ശക്തമാകുന്നത്. 

ദില്ലി: അവഗണനയിലെ കടുത്ത അതൃപ്തിക്കപ്പുറം കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം വേണമെന്ന ആവശ്യമാണ് ശശി തരൂര്‍ പരസ്യമാക്കുന്നത്. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് വ്യക്തമാക്കുന്ന തരൂര്‍, കേരളത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് കൂടി പറഞ്ഞുവെയ്ക്കുകയാണ്. കേരളത്തിലെ നേതൃത്വം നയിക്കാന്‍ പോരെന്ന് വെട്ടിത്തുറന്ന് പറയുമ്പോള്‍ തന്ന ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തേയും തരൂര്‍ ചോദ്യം ചെയ്യുകയാണ്. 

പാര്‍ട്ടിയില്‍ നേരിടുന്ന അവഗണനയിലെ അസ്വസ്ഥത മുഴുവനും തുറന്ന് പറഞ്ഞാണ് എന്താണ് തന്‍റെ വഴിയെന്ന്  തരൂര്‍ വ്യക്തമാക്കുന്നത്. സംസ്ഥാന കോൺഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയത് മുതല്‍ കടുത്ത അതൃപ്തിയിലായിരുന്നു തരൂര്‍. പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസുകാരുടെ പിന്തുണ മാത്രം പോരെന്ന് വ്യക്തമാക്കി എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുള്ള തുടര്‍ച്ചയായി ജയിച്ചു വരുന്ന താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യന്‍ തന്നെയാണെന്നാണ് തരൂര്‍ വെട്ടിത്തുറന്ന് പറയുന്നത്.

വാദം ശക്താമാക്കാന്‍ അഭിപ്രായ സര്‍വേകളെയും ചൂണ്ടിക്കാട്ടുകയാണ്. പാര്‍ട്ടിയില്‍ നേതൃ പ്രതിസന്ധിയെന്ന ഘടകകക്ഷികളുടെ നിലപാടും തുറന്ന് പറയുകയാണ്. കേരളം തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് അഭിമുഖത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദീകരണ കുറിപ്പും. നല്ല നാളേക്കായി കേരളത്തെ മാറ്റാനുള്ള എല്ലാ അവസരങ്ങള്‍ക്കുമൊപ്പം താനുണ്ടാകും. അവിടെ രാഷ്ട്രീയ ഭേദമില്ല. യുവാക്കള്‍ നിര്‍ണ്ണായക ശക്തിയാകുന്ന സംസ്ഥാനത്തെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് കൂടി തരൂര്‍ വ്യക്തമാക്കുകയാണ്.  

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരിക്കുന്ന നേതാക്കളെ ഒന്നടങ്കം വെട്ടിലാക്കുകയാണ് തരൂര്‍. പ്രവര്‍ത്തക സമിതി അംഗമായിയെന്നതിപ്പുറം പാര്‍ട്ടിയുടെ ഒരു പരിപാടികളിലേക്കും തന്നെ അടുപ്പിക്കുന്നില്ലെന്ന പരിഭവവും തരൂരിന്‍റെ വാക്കുകളിലുണ്ട്. നിര്‍ണ്ണായകമായ ഒരു തീരുമാനവും പ്രവര്‍ത്തകസമിതിയില്‍ നടക്കുന്നില്ലെന്ന് തുറന്നടിക്കുകയാണ്.  ദേശീയ തലത്തില്‍ 19 ശതമാനം മാത്രമാണ് വോട്ട് വിഹിതം അത് 26 ശതമാനമെങ്കിലുമാക്കാതെ കോണ്‍ഗ്രസിന് രക്ഷയില്ല.

എന്നാല്‍, രക്ഷപ്പെടാനുള്ള ഒരു നീക്കവും കാണുന്നില്ലെന്ന് തുറന്നടിച്ച് ദേശീയ നേതൃത്വത്തയും തരൂര്‍ കുന്തമുനയില്‍ നിര്‍ത്തുന്നു. അതേ സമയം തരൂരിന്‍റെ ആരോപണങ്ങളെ എഐസിസി തള്ളുകയാണ്. കേന്ദ്രമന്ത്രി പദവി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം തുടങ്ങിയ ചുമതലകള്‍ ഏല്‍പിച്ച കാര്യം വ്യക്തമാക്കുന്ന നേതൃത്വം അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം തരൂര്‍ സ്വമേധയാ രാജി വെച്ചതാണെന്നും വിശദീകരിക്കുന്നു. പ്രശ്നം ഇത്രത്തോളം വഷളായ സാഹചര്യത്തില്‍ തരൂരുമായി ഒത്തുപോകുക നേതൃത്വത്തിന് എളുപ്പമാകില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോരടിച്ചാലും തരൂരിന് കൂടുതല്‍ പരിഗണന കിട്ടാനും പോകുന്നില്ല. തരൂര്‍ പുറത്തേക്കെന്ന സൂചനകള്‍ തന്നെയാണ് ശക്തമാകുന്നത്. 

കോൺഗ്രസിന് തരൂരിന്റെ മുന്നറിയിപ്പ്; 'പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്'

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു