
ദുബായ്: വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത വന്നപ്പോൾ താൻ വിമാനത്തിൽ ആയിരുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. രാഷ്ട്രീയ വിഷയങ്ങളിൽ വിദേശത്ത് വച്ച് പ്രതികരിക്കുന്നത് ശരിയല്ല. വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു. ഇടക്കാലത്ത് കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. ഇതിൻ്റെ ഭാഗമായി ദുബായിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.
അതിനിടെ, തരൂരിൻ്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ നിഷേധിച്ചില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്ന് കൺവീനർ പ്രതികരിച്ചു. മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി കൈകൊടുക്കാൻ മടിച്ച തരൂർ ഇടതിന് കൈകൊടുക്കുമോ എന്നതാണ് ആകാംക്ഷ. രാഹുൽ അപമാനിച്ചെന്ന വികാരമുള്ള ശശിതരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിൻറെ അപ്രതീക്ഷിതനീക്കം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയാണ് ഇടനിലക്കാരൻ. ദുബൈയിൽ വ്യവസായി തരൂരുമായും പ്രാഥമിക ചർച്ച നടത്തിയെന്നാണ് വിവരം. ഇനിയും കൂടിക്കാഴ്ചയുണ്ടാകും. കോൺഗ്രസ് വിട്ടാൽ സിപിഎം അഭയം നൽകാൻ തയ്യാറാണെന്ന സന്ദേശമാണ് വ്യവസായി കൈമാറുന്നത്. എന്നാൽ തരൂർ അന്തിമനിലപാടെടുത്തിട്ടില്ല.
ഭിന്നതകളെല്ലാം മാറ്റിവെച്ച് വയനാട് ക്യാമ്പ് വഴിതരൂർ അടിമുടി പാർട്ടിക്കാരനായതാണ്. 140 മണ്ഡലങ്ങളിലും പാർട്ടിക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാമെന്നും ഉറപ്പും നൽകി. പക്ഷേ മഹാപഞ്ചായത്തിൽ മഹാ അപമാനം രാഹുൽഗാന്ധിയിൽ നിന്നുണ്ടായതാണ് തരൂരിൻറെ പ്രശ്നം. കൈകൊടുക്കാതെയും പേര് പറയാതെയും അപമാനിതനായ തരൂർ ഹൈക്കമാൻഡ് കഴിഞ്ഞദിവസം ദില്ലിയിൽ വിളിച്ച് കേരള നേതാക്കളുടെ ചർച്ച ബഹിഷ്ക്കരിച്ച് കോഴിക്കോട് കെൽഎഫിലേക്ക് പോയി. കോഴിക്കോട് നിന്ന് ഇന്ന് രാവിലയാണ് ദുബൈയിലേക്ക് തിരിച്ചത്. കോൺഗ്രസ് വിട്ടാൽ ബിജെപിയിലേക്കെന്ന് പതിവ് അഭ്യൂഹങ്ങൾക്കുറത്തെ സിപിഎം നീക്കം കോൺഗ്രസ്സിനെയും അമ്പരിപ്പിക്കുകയാണ്.
തരൂരിനെ അനുനയിപ്പിക്കാനും ഹൈക്കമാൻഡ് ശ്രമമുണ്ട്. ചൊവ്വാഴ്ച രാഹുൽ ഗാന്ധി തരൂരുമായി ചർച്ച നടത്താനിടയുണ്ട്. അന്ന് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തരൂർ പങ്കെടുക്കില്ല. പരാതികൾ രാഹുൽ തീർത്തില്ലെങ്കിൽ തരൂർ ഇടതിൻറെ വിസ്മയമാകുമോ എന്നാണ് ആകാംക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam