
ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്ന മോഹം മനസിലൊളിപ്പിക്കാതെ ശശി തരൂര്‍ എംപി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം സമൂഹമാധ്യമത്തില്‍ തരൂര്‍ പങ്ക് വച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കെകെ ശൈലജക്ക് പിന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനസമ്മിതിയെന്നും സര്‍വേയില്‍ പറയുന്നു. തരൂരിന്‍റെ നീക്കത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല.
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോഴാണ് ശശി തരൂരിന്‍റെ അടുത്ത പൂഴിക്കടകന്‍ വരുന്നത്. യുഡിഎഫ് അധികാരത്തില്‍ വരാന്‍ സാധ്യത കാണുന്നുവെന്ന വോട്ട് വൈബ് സര്‍വേ സമൂഹമാധ്യമത്തില്‍ പങ്ക് വച്ചാണ് തരൂരിന്‍റെ നീക്കം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 28.3 ശതമാനം പേര്‍ ശശി തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗഹിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്. 15.4 ശതമാനം മാത്രമാണ് വിഡി സതീശനുള്ള പിന്തുണ. യുഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് 27 ശതമാനം പേരും അഭിപ്രായപ്പെടുന്നു. എല്‍ഡിഎഫില്‍ കെകെ ശൈലജക്കാണ് ജനപിന്തുണ. 24 ശതമാനം പേര്‍ ശൈലജയെ പിന്തുണയ്ക്കുമ്പോള്‍ 17.5 ശതമാനം പേര്‍ മാത്രമാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നത്. സര്‍വേ ഫലം സംബന്ധിച്ച വാര്‍ത്തകള്‍ തരൂര്‍ ഷെയര്‍ ചെയ്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി പുകഞ്ഞു. പ്രതികരണത്തിന് നേതാക്കള്‍ തയ്യാറായില്ല.
സ്വകാര്യ ഗവേഷണ സ്ഥാപനം കേരളത്തില്‍ നടത്തിയ തരൂരിന് മുന്‍ഗണന പ്രവചിക്കുന്ന സര്‍വേ ഫലം ഇംഗ്ലിഷ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യത്തിലടക്കം ഹൈക്കമാന്‍ഡമായി കടുത്ത ഉരസലില്‍ കഴിയുന്നതിനിടെയാണ് തരൂരിന്‍റെ പുതിയ നീക്കം. മുഖ്യമന്ത്രി പദം ഉന്നമിടുന്നുവെന്ന അഭ്യൂഹം ശക്തമാക്കി സമുദായ നേതാക്കളെയടക്കം സന്ദര്‍ശിച്ച് രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ തരൂര്‍ നടത്തിയ നീക്കം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.