
കൊച്ചി:എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിക്കുന്നത്. എൻഫോഴ്സ്മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു.
നാടകീയ രംഗങ്ങൾക്കാണ് കോടതി സാക്ഷിയാകുന്നത്. തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കർ ജഡ്ജിക്ക് സമീപം എത്തി സംസാരിച്ചു. തുടർച്ചയായ ചോദ്യം ചെയ്യാൻ പാടില്ലെന്നും 2 മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേകാണ് ഇഡി ഓഫീസിൽ എത്തിയത്. ഇനി കസ്റ്റംസും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമോയെന്ന വിഷയത്തിൽ ഇതുവരെ വ്യക്തതയില്ല.
നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയിൽ പരാമർശമുണ്ട്.
ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തൽ. ഇത് സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻ്റ് പറയുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സ്വപ്നയടക്കം നടത്തിയത് സ്വർണ്ണക്കടത്തായിരുന്നുവെന്ന കാര്യത്തിൽ ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നോ എന്നതടക്കമുള്ള വിഷങ്ങളിൽ ഇനി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ഇഡി നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam