മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: . ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതി വാർത്തകളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ. മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്തു മാത്രമേ നടപടി എടുക്കൂവെന്നും മന്ത്രി അറിയിച്ചു. നിയമം ധൃതിപിടിച്ച് നടപ്പിലാക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനം. ചൊവ്വാഴ്ച ട്രാസ്പോർട്ട് കമ്മീഷ്ണറുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. കേന്ദ്ര നിയമം ലഘൂകരിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകൾ പുറത്ത് വന്നത്.
ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും, ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ചുതിയ ചട്ടം അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ നടന്ന നിയമലംഘനങ്ങൾ മാത്രമാണ് ഇതിൽ പരിഗണിക്കുക. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുത്തില്ല.
എന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുൻപ്, ലൈസൻസ് ഉടമയുടെ വാദം കേൾക്കാനുള്ള അവസരം നൽകേണ്ടതുണ്ടെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു. നിയമലംഘനങ്ങള്‍ നടത്തിയാൽ പിഴയടക്കാൻ 45 ദിവസത്തെ സാവകാശം നൽകും അതിനുശേഷം കർശന നടപടി എടുക്കും. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ നടത്തുന്നതും തടയും. കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്.
എന്താണ് പുതിയ ചട്ടം?
മോട്ടോർ വാഹന നിയമത്തിലെ 24 നിയമ ലംഘനങ്ങളിൽ അഞ്ചോ അതിലധികമോ ഒരു വർഷത്തിനുള്ളിൽ ഉണ്ടായാൽ ആണ് ലൈസൻസ് സസ്പെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുക. എത്രകാലത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നത് ബന്ധപ്പെട്ട അതോറിറ്റി തീരുമാനിക്കും. പതിവ് നിയമലംഘകരെ നിയന്ത്രിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഓവർസ്പീഡിംഗ്, ഹെൽമറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെയുള്ള ഡ്രൈവിംഗ്, ട്രാഫിക് സിഗ്നൽ ലംഘനം, പൊതുവഴികളിലെ അനധികൃത പാർക്കിംഗ്, അമിതഭാരം കയറ്റൽ, വാഹനമോഷണം, സഹയാത്രക്കാരോട് അക്രമസ്വഭാവം കാണിക്കൽ തുടങ്ങിയവ ഉൾപ്പെടെ 24 കുറ്റങ്ങളാണ് നിലവിൽ പട്ടികയിലുള്ളത്. ഇതിൽ ചെറിയ കുറ്റങ്ങളെന്നോ വലുതെന്നോ കണക്കാക്കാതെ എണ്ണം അഞ്ചിൽക്കൂടിയാൽ നടപടി നേരിടേണ്ടിവരും.


