വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ; ഇടുക്കിയിൽ രണ്ട് അണക്കെട്ടുകൾ നാളെ തുറക്കും

By Web TeamFirst Published May 29, 2020, 8:44 PM IST
Highlights

വൃഷ്ടിപ്രദേശങ്ങളിൽ മഴ കൂടുതൽ ലഭിക്കുന്നതും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാഹചര്യവും മുൻനിർത്തിയാണ് നടപടി

തൊടുപുഴ: ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകൾ നാളെ തുറക്കും. ലോവർ പെരിയാർ (പാംബ്ല), കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്താനാണ് തീരുമാനം. നാളെ രാവിലെ പത്തിന് ഷട്ടറുകൾ ഉയർത്തും.

വൃഷ്ടിപ്രദേശങ്ങളിൽ മഴ കൂടുതൽ ലഭിക്കുന്നതും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാഹചര്യവും മുൻനിർത്തിയാണ് നടപടി. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ അരമീറ്ററുമാണ് തുറന്നത്. മഴ കൂടുതൽ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തു താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

click me!