വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; 'മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം'

Published : Jun 30, 2025, 10:48 PM IST
sidharth death

Synopsis

അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തില്‍ മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനുമായിരുന്നവർ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. റാഗിംഗിന് കടുത്ത ശിക്ഷ നൽകുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അക്രമകാരികളായവരുടെ അച്ചടക്കമില്ലായ്മ മൂലം ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടപ്പെടരുത്. അച്ചടക്ക നടപടി തടയണമെന്ന് ആവശ്യപ്പെട്ട് വെറ്ററിനറി സർവകലാശാല മുൻ ഡീനുൾപ്പെടെ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.

2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാർത്ഥന്‍റെ ദേഹത്ത് കണ്ട് മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ വീട്ടുകാർ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളേജിലെ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ കോളേജില്‍ വച്ച് ആംബുലൻസിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായെന്ന വിവരം വീട്ടുകാർ അറിയാൻ ഇടയാക്കിയത്.

പതിനാറാം തീയ്യതി മുതല്‍ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാർത്ഥൻ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചു. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ സഹായിക്കുന്നതായിരുന്നു സർക്കാര്‍ നിലപാടുകള്‍. ഒടുവില്‍ സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികള്‍ ഉണ്ടായത്.

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും