
സിക്കിം: സിക്കിം തുരങ്കം അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അനീഷ് മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. സിക്കിമിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കും. നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അനീഷിന്‍റെ ഭാര്യയും സഹോദരനുമടക്കമുള്ള ബന്ധുക്കൾ സിക്കിമിലുണ്ട്. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജറാണ് അനീഷ് മോഹൻ. കഴിഞ്ഞ പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തിൽ ഇതുവരെ 20 പേർ മരിച്ചു. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്. അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി രക്ഷാപ്രവർത്തനം ഊർജിതമായിരുന്നു. പശ്ചിമബംഗാളിൽനിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam