Latest Videos

സരിത നായർക്കെതിരെ ബാലഭാസ്കറിന്‍റെ അച്ഛൻ,'അന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി തള്ളുമെന്ന് വിളിച്ചു പറഞ്ഞു'

By Web TeamFirst Published Jun 24, 2022, 12:12 PM IST
Highlights

മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തു.ബാലഭാസ്കറിന്‍റെ   അച്ഛനെ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് സരിത.
സൗഹാർദപരമായി കേസിന്‍റെ  കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം: സം​ഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരാനിരിക്കെ പുതിയ വിവാദം.ഈ മാസം 30നാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്. ഹര്‍ജി തള്ളുമെന്ന് സരിത എസ് നായര്‍  തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ഉണ്ണി ആരോപിക്കുന്നത്.മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്നും വാഗ്ദാനം ചെയ്തു.കേസിൽ അട്ടിമറി സംശയിക്കുന്നു,സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. ഈ സാഹചര്യത്തില്‍ അവരെന്തിനാണ് തന്നെ വിളിച്ചതെന്ന് വ്യക്തമല്ല.സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകാമെന്ന് പറഞ്ഞു.കേസിൽ സഹായിക്കാമെന്ന് പറഞ്ഞു.സരിതയുടെ അഭിഭാഷകനും എന്റെ അഭിഭാഷകനും ഒന്നല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞുഅതേ സമയം ബാലഭാസ്കറിന്‍റെ അച്ഛനെ വിളിച്ചിരുന്നതായി സരിത സ്ഥിരീകരിച്ചു. സൗഹാർദ പരമായി കേസിന്‍റെ  കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്‍റെ അടിസഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി.

 

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു  സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്‍റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന് ബാലുവും പോയി. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു. 

കേസ് ലോക്കല്‍ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ബാലുവിന്‍റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും,പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയത്. ഇതോടെ ബാലുവിന്‍റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘം ഉണ്ടെന്ന സംശയം ബലപ്പെട്ടു. ബന്ധുക്കള്‍ ദുരൂഹത സംശയിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് ഉറപ്പിച്ചു. അര്‍ജുനെതിരെ കേസും എടുത്തു. എന്നാല്‍ അപകടത്തിനു പിന്നില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ചും നടത്തിയത്. 

ഇതിനിടെ, അപകടത്തിനു മുമ്പ് ബാലുവിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബിയെത്തി. ക്രൈംബ്രാഞ്ച് പക്ഷേ സോബിയുടെ മൊഴിയില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. തുടര്‍ന്നും അച്ഛനടക്കമുളള ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് സിബിഐയിലേക്കു പോയത്. എന്നാൽ സിബിഐ അന്വേഷണത്തിലും  ബാലുവിന്‍റെ മരണത്തിനു കാരണമായ അപകടത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്ന സംശയങ്ങള്‍ സാധൂകരിക്കാന്‍ പോന്ന തെളിവുകളും കിട്ടിയിട്ടില്ല. അപകടത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് അച്ഛന്‍ ഉണ്ണി ഹര്‍ജി നല്‍കിയത്. ഇതില്‍ ഈമാസം 30 ന് ഉത്തരവുണ്ടാകും

click me!