
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി. കേസിലെ എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസാണ് മൊഴി നൽകിയത്. അഭയയുടെ യഥാർത്ഥ ഇൻക്വസ്റ്റ് റിപ്പോർട്ട് നശിപ്പിച്ച് മറ്റൊന്ന് തയ്യാറാക്കാൻ അന്നത്തെ എഎസ്ഐ വി വി അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നതായി തോമസ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി.
അഭയ കൊല്ലപ്പെട്ട ദിവസം മഠത്തിൽ എത്തിയപ്പോൾ ഒരു കോടാലിയും രണ്ട് ചെരുപ്പും വാട്ടർ ബോട്ടിൽ എന്നിവ അടുക്കളയുടെയും കിണറിന്റെയും സമീപം കണ്ടിരുന്നുവെന്നും തോമസ് മൊഴി നൽകിയിട്ടുണ്ട്. സിബിഐ പ്രതിചേർത്ത വി വി അഗസ്ത്യൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
കേസ് അട്ടിമറിക്കാൻ ക്രൈം ബ്രാഞ്ച് ശ്രമിച്ചുവെന്ന് കേസിലെ മറ്റൊരു സാക്ഷിയായ രാജു ഇന്നലെ കോടതിയിൽ മൊഴി നൽകിയിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ തനിക്ക് രണ്ട് ലക്ഷം രൂപയും കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് രാജു കോടതിയിൽ മൊഴി നൽകിയത്. സംഭവ ദിവസം രാത്രി ഫാദർ തോമസ് കോട്ടൂർ കോൺവന്‍റിന്‍റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് കണ്ടിരുന്നതായും രാജു മൊഴി നൽകി.
വായിക്കാം; അഭയ കേസ്; വിചാരണയ്ക്കിടെ നാലാമത്തെ സാക്ഷിയും കൂറുമാറി
കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി കൂടിയായ രാജു കോടതിയിൽ തിരിച്ചറിയുകയും ചെയ്തിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് അഭയ കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ്പി കെടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന കേസിന്റെ വിചാരണയ്ക്കിടെ പ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവരാണ് കൂറുമാറിയത്. ഫാദർ തോമസ് കോട്ടൂരിന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന് മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. കൊലപാതകം നടന്ന ദിവസം കോൺവന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്.
വായിക്കാം;അഭയ കേസിൽ നിർണായക വെളിപ്പെടുത്തൽ: ഫാ. തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു
പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നും സിസ്റ്റർ അനുപമ കോടതിയിൽ പറഞ്ഞു. ഇതേ തുടർന്ന് ഇരു സാക്ഷികളും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam