തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ നാലാം സാക്ഷിയായ സഞ്ജു പി മാത്യു ആണ് വിചാരണയ്ക്കിടെ കൂറുമാറിയത്. കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന് മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. ഇതേ തുടർന്ന് കോടതി സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസിൽ രഹസ്യമൊഴി നൽകിയിരുന്ന സാക്ഷിയാണ് സഞ്ചു. പയസ് ടെന്ത് കോൺവെന്റിന് സമീപമാണ് സഞ്ചു താമസിച്ചിരുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്.

തിങ്കളാഴ്ച നടന്ന കേസിന്റെ വിചാരണയ്ക്കിടെ അൻപതാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയിരുന്നു. കൊലപാതകം നടന്ന ദിവസം കോൺവന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നും സിസ്റ്റർ അനുപമ കോടതിയിൽ പറഞ്ഞു.

കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രിക്ക് അഭയയുടെ ബാച്ച് മേറ്റായിരുന്നു സിസ്റ്റർ അനുപമ. അഭയയോടൊപ്പം കോൺവെന്റിൽ സിസ്റ്റർ അനുപമ ഒരുമിച്ച് താമസിച്ചിരുന്നു. പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്.  

വായിക്കാം;അഭയ കേസ്: വിചാരണ വേളയിൽ സാക്ഷി കൂറുമാറി

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.