'താന്‍ പട്ടിണിയില്‍'; മഠത്തില്‍ പീഡനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

By Web TeamFirst Published Jan 25, 2020, 10:06 AM IST
Highlights

നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റർമാർക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര 

വയനാട്: തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്നും സിസ്റ്റർ ആരോപിച്ചു. എഫ്സിസി സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. 

നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റർമാർക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.  കഴിഞ്ഞ ഓഗസ്റ്റിലും ഡിസംബറിലുമായി മഠം അധികൃതർക്കെതിരെ മൂന്ന് പരാതികളാണ് സിസ്റ്റർ പൊലീസില്‍ നല്‍കിയത്. മൂന്നിലും വെള്ളമുണ്ട പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. മഠത്തില്‍നിന്നും പുറത്താക്കുന്നതിനെതിരെ സിസ്റ്റർ നല്‍കിയ ഹർജിയില്‍ സഭാ നടപടി നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ട് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഹർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.



 

click me!