എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

By Web TeamFirst Published Jan 25, 2020, 10:01 AM IST
Highlights

സംഘര്‍ഷ സ്ഥലത്തേക്ക് എസ്ഐയേയും ഡ്രൈവറേയും മാത്രം അയച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. അതേസമയം, പൊലീസിനെ കയ്യേറ്റം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.
 

കോട്ടയം: പാലായിലെ പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സംഘര്‍ഷ സ്ഥലത്തേക്ക് എസ്ഐയേയും ഡ്രൈവറേയും മാത്രം അയച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിലാണിത്. അതേസമയം, പൊലീസിനെ കയ്യേറ്റം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.

പൊലീസുകാരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പരസ്യമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടും പൊലീസിനാണ് വീഴ്ച പറ്റിയെതെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഭീഷണി മുഴക്കിയ എസ്എഫ്ഐ പ്രവർത്തകരെ ന്യായീകരിച്ചും പൊലീസിനെ വിമർശിച്ചും സിപിഎം ജില്ലാനേതൃത്വം ഇന്നലെ രംഗത്തെത്തിയിരുന്നു. പൊലീസിൻറേത് എബിവിപിയെ സഹായിക്കുന്ന നിലപാടാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

Read Also: പാലായില്‍ എസ്എഫ്ഐക്കാര്‍ പൊലീസിനെ വിരട്ടിയ സംഭവം; ന്യായീകരിച്ച് സിപിഎം ജില്ലാ നേതൃത്വം

പാലാ പോളിടെക്നിക്കിൽ കൊടിമരം സ്ഥാപിക്കലുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പൊലീസ് എബിവിപിക്കൊപ്പം നിന്നെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. പൊലീസ് നടപടിയിലെ അതൃപ്തി സിപിഎം ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. 

Read Also: 'താൻ പോടോ, പോയി പണി നോക്ക്', പൊലീസിനെ വിരട്ടി കുട്ടിസഖാക്കൾ'

എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു എൻ ആറിൻറെ നേതൃത്വത്തിലാണ് ബുധനാഴ്ച പാല എസ്ഐയെ ഭീഷണിപ്പെടുത്തിയത്. ആദ്യം പൊലീസ് തന്നെ കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു . വ്യാഴാഴ്ച വൈകീട്ട് വരെ വിഷ്ണുവും സംഘത്തിലെ മറ്റ് രണ്ട് പേരും പാലാ നഗരത്തിലുണ്ടായിട്ടും കസ്റ്റഡിയിലെടുത്തില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, 
സിപിഎം സമ്മർദ്ദം കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നാണ് പരക്കെ ആക്ഷേപമുയരുന്നത്.  പ്രതികളെ പിടികൂടാത്തതിൽ പൊലീസ് സേനയിലും അതൃപ്തിയുണ്ട്. 

Read Also: പൊലീസിനെ ഭീഷണിപ്പെടുത്തി എസ്‍എഫ്ഐ പ്രവര്‍ത്തകര്‍: ദൃശ്യങ്ങള്‍ പുറത്ത്

click me!