
പത്തനംതിട്ട: മുഖ്യമന്ത്രി പരാജയം സമ്മതിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിൽ നിന്ന് അത് വ്യക്തമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാർ ജയിലിലാണ്, വാസു അകത്താണ്. ഇത്തരം ഗൗരവമുള്ള സംഭവങ്ങളിൽ പാർട്ടി നടപടി ഉണ്ടായില്ല. നടപടിയെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതികൾക്ക് പാർട്ടിയുടെ രക്ഷാകവചമെന്നും സണ്ണി ജോസഫ് വിമർശിച്ചു. ജില്ലാ കമ്മിറ്റിയിൽ കയ്യാങ്കളി നടത്തിയ ആളാണ്. പാർട്ടിയെ വെല്ലുവിളിച്ച് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ ആളാണ്. അങ്ങനെയെല്ലാം ചെയ്ത പത്മകുമാറിനെതിരെ നടപടിയില്ല. ഇന്നലെ ഹൈക്കോടതി പറഞ്ഞതിൽ നിന്ന് കൂടുതൽ ഉന്നതർ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എസ്ഐടി അന്വേഷണത്തിന് വേഗം പോരായെന്നും സണ്ണി ജോസഫ് വിമർശിച്ചു. നഷ്ടപ്പെട്ട സ്വർണം എത്രയാണെന്നോ അത് ആർക്ക് വിറ്റെന്നോ ഉള്ള കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നുവെന്നും പ്രതികൾക്ക് സല്യൂട്ട് അടിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വർണ്ണക്കൊള്ള മുൻനിർത്തി സിപിഎമ്മിനെ ജനങ്ങളുടെ മുന്നിൽ വിചാരണ ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണ്ണ കൊള്ളയിലെ അന്വേഷണം മനപ്പൂർവം നീട്ടി കൊണ്ടുപോകുന്നുവെന്നും അന്വേഷണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുന്നുവെന്നായിരുന്നു സണ്ണി ജോസഫിന്‍റെ വിമര്‍ശനം.