'മഹത്തായ കമ്മ്യുണിസ്റ്റ്, കോടിയേരി പോരാടിയ ആദർശങ്ങൾക്ക് വേണ്ടി തുടർന്നും പ്രവര്‍ത്തിക്കും': യെച്ചൂരി

By Web TeamFirst Published Oct 2, 2022, 12:30 PM IST
Highlights

കോടിയേരിയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷത്തിനും രാജ്യത്തിനും വലിയ നഷ്ടമാണ്. സംസ്‍ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് പോകുമെന്നും യെച്ചൂരി പറഞ്ഞു. 

ദില്ലി: മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹത്തായ കമ്മ്യുണിസ്റ്റായിരുന്നു കോടിയേരി. അദ്ദേഹം പോരാടിയ ആദർശങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കും. കോടിയേരിയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷത്തിനും രാജ്യത്തിനും വലിയ നഷ്ടമാണെന്നും യെച്ചൂരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍റെ മരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വലിയ നഷ്ടമെന്ന് സിപിഎം പി ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു . മന്ത്രിയായും എംഎല്‍എയായും കഴിവ് തെളിയിച്ച നേതാവായിരുന്നു. തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും പ്രകാശ് കാരാട്ട് ദില്ലിയില്‍ പറഞ്ഞു. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പടെയുള്ള സിപിഎം കേന്ദ്രനേതാക്കൾ സംസ്‍ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാളെ കേരളത്തിലെത്തും. 

കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്. മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. കോടിയേരിയുടെ മൃതദേഹം സ്വീകരിക്കാനായി റെഡ് വോളണ്ടിയര്‍മാരും നേതാക്കളും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം എത്തിക്കും. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദര്‍മര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തും. കോടിയേരിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നേതാക്കള്‍ കണ്ണൂരിലേക്കെത്തും. പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ളവരും കണ്ണൂരിലെത്തും. സംസ്ക്കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത് മൂന്ന് മണിക്ക് നടക്കും.

കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും  ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി. 

click me!