കെഎസ്ഇബിയിൽ സ്ഥിതി വഷളാകുന്നു; വൈദ്യുതി ഭവൻ വളയലിലുറച്ച് സമരക്കാർ, കർശന നടപടിയെന്ന് ചെയർമാൻ, ചർച്ചക്ക് മന്ത്രി

Published : Apr 19, 2022, 12:34 AM IST
കെഎസ്ഇബിയിൽ സ്ഥിതി വഷളാകുന്നു; വൈദ്യുതി ഭവൻ വളയലിലുറച്ച് സമരക്കാർ, കർശന നടപടിയെന്ന് ചെയർമാൻ, ചർച്ചക്ക് മന്ത്രി

Synopsis

ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു

തിരുവനന്തപുരം: കെ എസ് ഇ ബി (KSEB)യിൽ ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ വളയൽ സമരത്തെ അച്ചടക്കത്തിന്‍റെ വാളോങ്ങി ചെയർമാൻ നേരിടാൻ തീരുമാനിച്ചതോടെ സമവായം നീളുമെന്നുറപ്പാണ്. ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കുള്ള ആലോചനയും മാനേജ്മെന്‍റ് തലത്തിൽ നടക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്

കെഎസ്ഇബിയിലെ തർക്കം ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള സൂചനകളൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചർച്ചക്ക് വൈദ്യുതി മന്ത്രി ഒരുക്കമല്ല. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി യൂണിയനുകളുമായി മാത്രമാണ് മന്ത്രി ഇന്ന് ചർച്ച നടത്തുകയെന്നാണ് സൂചനകൾ. ഇന്നത്തെ മന്ത്രിയുടെ ച‍ർച്ച പ്രധാനമായും ലൈൻമാൻമാരുടെ നിയമനത്തിലെ തർക്കത്തെ കുറിച്ചാണ്.

അതേസമയം വൈദ്യുതി ഭവന് മുന്നിൽ സമരം തുടരുന്ന ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇന്ന് ആയിരം പേരെ അണിനിരത്തി വൈദ്യതി ഭവൻ വളയാനാണ് തീരുമാനം. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെൻ്റിനാണെന്നാണ് സമരക്കാരുടെ നിലപാട്.

എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി?

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൻ്റെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെൻ്റ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നത് ഗൗരവമായിട്ടാണ് മാനേജ്മെന്റ് കാണുന്നത്.

സമരം കടുപ്പിക്കും

ജീവനക്കാരെ തടയില്ലെന്ന് പറയുമ്പോഴും വൈദ്യുതി ഭവൻ വളയൽ സമരത്തെയും ഗൗരവത്തോടെയാണ് കെഎസ്ഇബി മാനേജ്മെൻ്റ് കാണുന്നത്. സർവ്വീസ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ്  വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കൊണ്ട് ചെയർമാന്‍ ഉത്തരവിറക്കിയത്. ഉപരോധ സമരത്തിൽ പങ്കെടുത്താൽ കർശന നടപടിയെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്. സംഘർഷ സാധ്യത ഉണ്ടായാൽ വീണ്ടും സമരക്കാർക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും.

അതേസമയം തെറ്റായ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരുമെന്നാണ് അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷ് കുമാർ വ്യക്തമാക്കിയത്. എത്രദിവസം സമരം ചെയ്യാനും ശേഷിയുണ്ട്. ചർച്ചയുടേയും സമവായത്തിന്‍റെയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കണം. പ്രതികാര നടപടി അംഗീകരിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ജനങ്ങളെ സമരം ബാധിക്കാതിരിക്കാൻ ശ്രമിക്കും. പക്ഷേ മാനേജ്മെന്‍റ് അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്