
തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിര്‍മിതി അക്കാദമികമായി നീതീകരിക്കാന്‍ കഴിയില്ല. ഇത് ഫലത്തില്‍ പഠന കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ പുറകോട്ടടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ എന്‍സിഇആര്‍ടി നടത്തിയ മാറ്റങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ കണ്ടു. യാഥാര്‍ത്ഥ്യങ്ങളോട് നീതിപുലര്‍ത്താത്ത തരത്തില്‍ പാഠപുസ്തകം നിര്‍മ്മിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്, നിരാകരിക്കലാണ്. കേരളം അതിന് ഒരു വിധത്തിലും കൂട്ടുനില്‍ക്കില്ല. ചരിത്രം, ഹിന്ദി, പൗരശാസ്ത്രം, രാഷ്ട്ര തന്ത്രം പാഠപുസ്തകങ്ങളിലാണ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക കാര്യങ്ങളില്‍ പോലും വര്‍ഗ്ഗീയവത്ക്കരണം നടത്തുമോ എന്ന ആശങ്ക കേരളം നയരൂപീകരണവേളയില്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തിന്റെ ആശങ്ക പൂര്‍ണ്ണമായും ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍ വഴി മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ കേരളം പ്രകടിപ്പിച്ച വിയോജിപ്പുകള്‍ നിലനില്‍ക്കുന്നു. വിദ്യാഭ്യാസം എന്നത് സമവര്‍ത്തി പട്ടികയില്‍ ആണ്. കേന്ദ്രീകരണ നിര്‍ദേശങ്ങളില്‍ കേരളത്തിന് ആശങ്കയുണ്ട്. ദേശീയ നയം അതേപടി നടപ്പാക്കുന്ന കാര്യത്തില്‍ കേരളത്തിന് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ട ഘട്ടം വരുമ്പോള്‍ ഓരോ പ്രശ്‌നത്തെയും അടിസ്ഥാനമാക്കി അതത് ഘട്ടത്തില്‍ മാത്രമേ പ്രതികരിക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.
വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ വേഗം, സ്‍കൂട്ടര്‍ വില വെട്ടിക്കുറച്ച് ഒല, ഓഫര്‍ ഈ തീയ്യതി വരെ മാത്രം!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam