
കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻ ദേവ് പറഞ്ഞു. സംഭവത്തെകുറിച്ച് സമിതി നേരിട്ട് അന്വേഷിക്കും. ലിവിംഗ് വാട്ടേഴ്സ് സ്ഥാപനത്തിന് എതിരെ നടപടി ഉണ്ടാകും. സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് മൊഴി എടുക്കുമെന്നും ഷൈൻ ദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ സ്ഥാപനത്തിലെ പാചകക്കാരനായ ലൈജ, വാർഡൻ ടോം എന്നിവർ അറസ്റ്റിലായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു. പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്നാണ് പരാതി.
കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തി. രക്ഷിതാവിനോട് കുട്ടി വിവരം പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസെടുത്തു. വാർഡനും സഹായിയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. മകനെ കാലിൽ കയർ കെട്ടി ഫാനിൻ്റെ ഹൂക്കിൽ തൂക്കിയിട്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
മകൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ട്. വെക്കേഷൻ ആയപ്പോൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരുന്നു. വിഷമിച്ചിരിക്കുന്നത് എന്തെന്ന് ചോദിച്ചപ്പോഴാണ് മകൻ വിവരം പറയുന്നത്. ലിജു എന്ന കുക്കാണ് ഉപദ്രവിച്ചത്. മുമ്പും മകനെ ഉപദ്രവിച്ചിട്ടുണ്ട്. സൂപ്രണ്ട് ചെകിടത്ത് അടിച്ചു. നോക്കാൻ നിവർത്തിയില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലിൽ നിർത്തി പഠിപ്പിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം ലിവിങ് വാട്ടർ ചാരിറ്റി സ്ഥാപനം. നിരവധി കുട്ടികളെ പഠനത്തിനായി താമസിപ്പിച്ചിരിക്കുന്ന സ്ഥാപനമാണിത്. ഇവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam