
ഇടുക്കി: ഇടുക്കി ആനച്ചാലിലെ സ്കൈ ഡൈനിംഗ് കേന്ദ്രം പ്രവർത്തിച്ചത് അനുമതികളില്ലാതെയെന്ന് വിനോദ സഞ്ചാരവകുപ്പിന്‍റെ കണ്ടെത്തൽ. സാഹസിക വിനോദങ്ങളുടെ പട്ടികയിലില്ലാത്തതിനാൽ ടൂറിസം വകുപ്പിന് നടപടിയെടുക്കാനുമാവില്ലെന്നും പ്രവർത്തന മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കണമെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. നടത്തിപ്പുകാർക്കെതിരെ ഗുരുതര അലംഭാവത്തിന് കേസെടുത്ത പൊലീസും റവന്യൂ വകുപ്പും അന്വേഷണം തുടങ്ങി.
ആനച്ചാലിൽ ജീവനക്കാരിയുൾപ്പെടെ, അഞ്ചുപേർ ആകാശത്ത് മണിക്കൂറുകൾ കുടുങ്ങിയ സംഭവത്തിലാണ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. സ്കൈ ഡൈനിംഗ് നിലവിൽ സാഹസിക ടൂറിസം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പ്രവർത്തന മാനദണ്ഡങ്ങൾ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി തയ്യാറാക്കിയിട്ടില്ലെന്നും നിലവിൽ ടൂറിസം വകുപ്പിന് നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇടുക്കിയിൽ ഇത്തരത്തിലുളള ഒരേയൊരു സംരംഭമാണ് ആനച്ചാലിലേത്.
സംസ്ഥാനത്ത്, ബേക്കലിലുൾപ്പെടെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സ്കൈ ഡൈനിംഗ് എന്ന സാഹസിക വിനോദം നിലവിലുളളത്. ഇത്തരം വിനോദങ്ങളുടെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സംവിധാനമില്ലാത്തതിനാൽ പഞ്ചായത്ത് അനുമതി വേണ്ടെന്ന സർക്കാർ ഉത്തരവുണ്ട്. അതേസമയം, അനുമതി നൽകേണ്ട അധികാരികൾ ഇതിന് വേണ്ട ചട്ടങ്ങൾ രൂപീകരിച്ചിട്ടുമില്ലെന്നതാണ് വൈരുദ്ധ്യം.
എന്നാൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന ഒരു സംഘം , ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ ബലപരിശോധന നടത്തി ക്ഷമത ബോധ്യപ്പെട്ടതാണെന്നും ടൂറിസം വകുപ്പ് വിശദീകരിക്കുന്നു. അതേസമയം, ദുരന്ത നിവാരണ നിയമം നിലനിൽക്കുന്ന പളളിവാസൽ പഞ്ചായത്തിൽ ഇത്തരം സാഹസിക പ്രവർത്തനം നടത്തിയത് ചട്ടലംഘനമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. നിയമംഘനത്തെക്കുറിച്ച് നേരത്തെ, ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാത്തതിൽ രാഷ്ട്രീയസമ്മർദ്ദമെന്നും ആരോപണമുയരുന്നുണ്ട്.