108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്, ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട

Published : Apr 24, 2026, 08:29 PM IST
snake

Synopsis

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്‌നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആന്റി സ്‌നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.

തിരുവനന്തപുരം ജില്ലയില്‍ പാമ്പിന്‍ വിഷത്തിനെതിരായ ആന്റിവെനം തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ് എ ടി,, ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറൽ ആശുപത്രി നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി, ജില്ലാ മാതൃക  ആശുപത്രി പേരൂർക്കട, നെടുമങ്ങാട്, ജില്ലാ  ആശുപത്രി,വിതുര താലൂക്ക് ആശുപത്രി, പേരൂർക്കട മാനസികരോഗ്യ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വർക്കല താലൂക്ക് ആസ്ഥാന ആശുപത്രി, താലൂക്ക് ആശുപത്രി ആറ്റിങ്ങൽ, താലൂക്ക് ആശുപത്രി നേമം,താലൂക്ക് ആസ്ഥാന ആശുപത്രി മലയിൻകീഴ്, താലൂക്ക് ആശുപത്രി ഫോർട്ട്, സാമൂഹിക ആരോഗ്യ കേന്ദ്രം പാലോട്, കുടുംബാരോഗ്യകേന്ദ്രം ആനാട്, കുടുംബാരോഗ്യ കേന്ദ്രം കുറ്റിച്ചൽ, കുടുംബാരോഗ്യ കേന്ദ്രം പനവൂർ എന്നിവിടങ്ങളില്‍ ലഭ്യമാണ്. മുകളിൽ പരാമർശിച്ചിട്ടുള്ള  സർക്കാർ ആശുപത്രികളിൽ കൂടാതെ ജില്ലയിലെ  അനന്തപുരി ആശുപത്രി, കിംസ് ആശുപത്രി,ഗോകുലം മെഡിക്കൽ കോളേജ്,  എസ്. കെ ഹോസ്പിറ്റൽ ഇടപ്പഴഞ്ഞി ,എസ്.യു.ടി പട്ടം, എസ്. പി.മെഡി ഫോർട്ട്, കോസ്മോപൊളിറ്റൻ ആശുപത്രി , NIMS നെയ്യാറ്റിൻകര തുടങ്ങി ഐ.സി.യു  സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലും പാമ്പുകടിക്ക് ചികിത്സ ലഭ്യമാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കടുത്ത ചൂടിൽ തണുപ്പ് തേടിയെത്തും, സൂക്ഷിച്ചില്ലെങ്കിൽ പണിയാകും'; പാമ്പ് ശല്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
'മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ്, മന്ത്രിയല്ല'; വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ വി വി രാജേഷ്