
ദില്ലി: എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിബിഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സിബിഐ യുടെ സീനിയർ അഭിഭാഷകൻ എത്തിയിരുന്നില്ല. അൽപ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹർജികൾ മാറ്റുകയായിരുന്നു.
ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിൽ മാറിമാറിയെത്തിയ എസ്എൻസി ലാവ്ലിൻ കേസ് ഇത് 36ാം തവണയാണ് മാറ്റിവെക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. 2017-ല്‍ സുപ്രീംകോടതിയിലെത്തിയതാണ് ഈ ഹർജികൾ. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കേരളാ ഹൈക്കോടതിയുടെ 2017 ലെ ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ ഹർജി സമർപ്പിച്ചത്. കേസിൽ വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ തങ്ങളെയും കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ ഹർജികളാണ് കോടതി ഇന്ന് പരിഗണിക്കാനെടുത്ത് മാറ്റിവച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam