കെ കെ മഹേശന്റെ മരണം: പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ഭാര്യ ഉഷാദേവി

By Web TeamFirst Published Jul 2, 2020, 10:40 AM IST
Highlights

വെള്ളാപ്പള്ളി നടേശനെയും സഹായിയെയും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. എന്നാൽ അതിലേക്ക് എത്താൻ ഇനിയും തെളിവുകൾ വേണമെന്നാണ് പൊലീസ് പറയുന്നത്.

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ പൊലീസിനെതിരെ ഭാര്യ ഉഷാദേവി. പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. മരണം സംബന്ധിച്ച പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഉഷാദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. എന്നാൽ, അന്വേഷണം നിർണായക ഘട്ടത്തിലാണ് എന്നാണ് പൊലീസ് അറിയിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് അന്വേഷണസംഘത്തെ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യല്‍ നാളേക്ക് മാറ്റിയത്. അതേസമയം, വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. മൈക്രോഫിനാൻസ് കേസിലടക്കം കുടുക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് മഹേശൻ കത്തുകളിലും എഴുതിയിരുന്നത്. വെളളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുള്ള ആത്മഹത്യകുറിപ്പ് കൂടി പുറത്തുവന്നതോടെ പൊലീസിന് ചോദ്യം ചെയ്യലിലേക്ക് നീങ്ങേണ്ടിവന്നു. 

കഴിഞ്ഞ ദിവസം, അശോകന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മൂന്ന് മണിക്കൂറിലധികം നേരമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യും എന്ന് പൊലീസ് അറിയിച്ചത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് രാത്രി തന്നെ വെള്ളാപ്പള്ളി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റിയത്. മഹേശന്‍റേതായി പുറത്തുവന്ന കത്തുകളിലെയും കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ. 

വെള്ളാപ്പള്ളി നടേശനും കെ എൽ അശോകനുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. എന്നാൽ അതിലേക്ക് എത്താൻ ഇനിയും തെളിവുകൾ വേണമെന്നാണ് മാരാരിക്കുളം പൊലീസ് പറയുന്നത്. അറസ്റ്റ് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കണിച്ചുകുളങ്ങരയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഗോകുലം ഗോപാലന്‍റെ അടക്കം എതിർചേരിയുടെ നീക്കം.

click me!