
ആലപ്പുഴ: കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അതൃപ്തിയിൽ പ്രതികരണുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസല്ലേ, അഭിപ്രായവും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണത്. അത് ഹൈക്കമാന്റ് പരിഹരിക്കും. അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സർക്കാരിന് മാർക്കിടാനായില്ല. തുടങ്ങിയതല്ലേ ഉള്ളൂ. വൈദ്യുതി പ്രശ്നത്തിൽ മുൻ സർക്കാരുകൾക്കും വീഴ്ച്ചയുണ്ട്. അതിൽ ദീർഘവീക്ഷണത്തോടെ പദ്ധതി വേണം. സ്വയം പര്യാപ്തത കൈവരിക്കണം. മരുന്ന് ക്ഷാമം ഉണ്ടെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന് കുറച്ചു കൂടെ ശ്രദ്ധ വേണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരുവനന്തപുരത്തുണ്ടായത് വളരെ ഭീകരമായ സംഘർഷമാണ്. ഒഴിവാക്കേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എംകെ മുനീറിന്റെ ക്യാബിനറ്റ് പദവിയിലും വെള്ളാപ്പള്ളി പ്രതികരിച്ചു. മുനീറിന് സ്ഥാനം നൽകിയതിൽ തെറ്റില്ല. മുനീർ മാന്യനായ നേതാവാണ്. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞയാളാണ് കെ എം ഷാജി. അങ്ങനെ ഉള്ളവരെ ഓക്കെയാണ് മന്ത്രി ആക്കിയിരിക്കുന്നത്. വിഡി സതീശൻ ശൈലി മാറ്റണം. കുറച്ചു കൂടി പക്വത വേണം. മുഖ്യമന്ത്രി ആണെന്ന കാര്യം ഇടയ്ക്ക് മറക്കുന്നു. നേതൃഗുണം കാണിക്കണം. സിപിഎം തെറ്റുകൾ സ്വയം തിരുത്തട്ടെ. അത് പാർട്ടിക്ക് നല്ലത് വരുത്തും. കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോലും തോൽവി ഉണ്ടായില്ലേ. എന്ത് തെറ്റ് പറ്റിയെന്ന് കണ്ടെത്തി തിരുത്തട്ടെ. രോഗത്തിന് മരുന്ന് കണ്ടെത്തി പാർട്ടി തന്നെ ചികിത്സിക്കട്ടെ. സിപിഎമ്മിന് ഇപ്പോൾ ഞാൻ കൊള്ളാത്തവനായി. ശബരിമല പ്രശ്നം വന്നപ്പോ എന്നെ തലയിൽ ചുമന്നു കൊണ്ട് നടന്നു. രണ്ട് ടേം ഭരിച്ചത് തന്നെ ചരിത്രമാണ്. അത് പിണറായിയുടെ കഴിവ് ആണ്. അന്ന് വാഴ്ത്തി പാടിയവർ തോറ്റപ്പോൾ അദ്ദേഹത്തെ താഴ്ത്തി. തിരുവനന്തപുരത്ത് 2 പേർ ബിജെപിയിൽ ജയിച്ചത് എൻഎസ്എസ് പോയത് കൊണ്ടാണ്. യഥാർഥത്തിൽ ആർഎസ്എസിൻ്റെ പുറകെ പോകുന്ന വരെ കുറിച്ച് പറയുന്നില്ല. എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടയായി ഈഴവ സമുദായത്തെ കാണുന്നു. ക്രിസ്ത്യാനിയെ കുറിച്ചും, ലീഗിനെ കുറിച്ചും ഇവർ മിണ്ടുന്നില്ല. ഈഴവന് എന്ത് തന്നു. ആർ ശങ്കറിന് ശേഷം എന്ത് തന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി വിമാനയാത്രയുടെ കാര്യത്തിൽ ആവർത്തിച്ച് നുണ പറയാൻ ശ്രമിച്ചു. കാര്യം നേരെ അങ്ങ് പറഞ്ഞാൽ മതിയായിരുന്നു. പാർട്ടിക്കാരന്റെ ഹെലികോപ്റ്ററാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞാൽ ഇല്ലായിരുന്നു. അടവ് നയമെടുത്ത് അടവെച്ചത് പോലെയായെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam