മുന്നോക്ക സംവരണത്തിനെതിരെ എസ്എൻഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു

By Web TeamFirst Published Oct 23, 2020, 10:58 PM IST
Highlights

തിങ്കളാഴ്ച ചേർത്തലയിൽ ചേരുന്ന എസ്എൻഡിപി കൗൺസിൽ യോഗത്തിൽ സംവരണ  വിഷയത്തിലെ പ്രക്ഷോഭപരിപാടികൾ അന്തിമമായി തീരുമാനിക്കും.

ആലപ്പുഴ: സർക്കാർ സർവ്വീസുകളിൽ മുന്നോക്ക സംവരണം ഏർപ്പെടുത്താൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ എസ്എൻഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഡോ.പൽപ്പുവിൻ്റെ ജന്മദിനമായ നവംബർ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്എൻഡിപിയുടെ തീരുമാനം. 

തിങ്കളാഴ്ച ചേർത്തലയിൽ ചേരുന്ന എസ്എൻഡിപി കൗൺസിൽ യോഗത്തിൽ സംവരണ  വിഷയത്തിലെ പ്രക്ഷോഭപരിപാടികൾ അന്തിമമായി തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് കേന്ദ്രസർക്കാർ നേരത്തെ പാസാക്കിയ മുന്നോക്കസംവരണം കേരളത്തിലും നടപ്പാക്കാൻ തീരുമാനിച്ചത്. 

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർ‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല.  ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. 

പൊതുവിഭാഗത്തിൽ നിന്നായിരിക്കും പത്ത് ശതമാനം സംവരണം. അതിനാൽ ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യം ലഭിക്കും. വിജ്ഞാപനം ഇറങ്ങുന്നത് മുതൽ സംവരണം നിലവിൽ വരും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വിജ്ഞാപനം ഇറക്കാനാണ് സർക്കാർ നീക്കം.  സാമ്പത്തിക സംവരണം നടപ്പാക്കാത്തതിൽ എൻഎസ്എസ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്. എൻഎസ്എസ് അടക്കമുള്ള മുന്നോക്ക സമുദായങ്ങളെ കൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് മുൻപ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നാണ് സൂചന. 
 

click me!