ട്രഷറിയിൽ വീണ്ടും സോഫ്റ്റ്വയർ പിഴവ്; അഞ്ച് ലക്ഷം നിക്ഷേപിച്ച ആൾക്ക് പലിശ ഒന്നര ലക്ഷം

By Web TeamFirst Published Feb 6, 2021, 12:53 PM IST
Highlights

വ‍ഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം സോഫ്റ്റവെയർ എല്ലാം പരിഷ്ക്കരിച്ചുവെന്ന വാദമാണ് പൊളിയുന്നത്. കടയ്ക്കാവൂർ സബ് ട്രഷറിയിൽ കഴിഞ്ഞ 30ന് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കാണ് തൊട്ടടുത്ത ദിവസം ഒന്നര ലക്ഷം പലിശ കിട്ടിയത്.

തിരുവനന്തപുരം: ട്രഷറിയിൽ വീണ്ടും സോഫ്റ്റ്‍വെയർ പിഴവ്. അഞ്ച് ലക്ഷം നിക്ഷേപിച്ച ആൾക്ക് തൊട്ടുത്ത ദിവസം ഒന്നര ലക്ഷം രൂപ പലിശ നൽകി. ക്ലർക്കിന്റെ പിഴവാണെന്നും സോഫ്റ്റ്വയറിൽ പിഴവില്ലെന്നുമാണ് ട്രഷറി ഡയറക്ടറേറ്റിന്റെ വിശദീകരണം

വ‍ഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം സോഫ്റ്റവെയർ എല്ലാം പരിഷ്ക്കരിച്ചുവെന്ന വാദമാണ് പൊളിയുന്നത്. തട്ടിപ്പിൽ ഡയറക്ടറുൾപ്പടെ താക്കീതിന് വിധേയമായെങ്കിലും പിഴവ് പരിഹരിച്ചിട്ടില്ല. കടയ്ക്കാവൂർ സബ് ട്രഷറിയിൽ കഴിഞ്ഞ 30ന് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കാണ് തൊട്ടടുത്ത ദിവസം ഒന്നര ലക്ഷം പലിശ കിട്ടിയത്. എട്ടര ശതമാനം പലിശ കിട്ടാൻ 366 ദിവസത്തേക്കായിരുന്നു നിക്ഷേപം. ശനിയാഴ്ച പണം നിക്ഷേപിച്ച ഇവർക്ക് തിങ്കളാഴ്ച അതായത് ഫെബ്രുവരി ഒന്നിന് ഒന്നരലക്ഷം രൂപ അക്കൗണ്ടിൽ വീണു. ഇൻകംടാക്സായി 12,500 രൂപ പിൻവലിക്കുകയും ചെയ്തു. ഇതെങ്ങനെയെന്ന് നിക്ഷേപക അന്വേഷിച്ചപ്പോഴാണ് വൻ പിഴവ് പുറത്താകുന്നത്. 

ട്രഷറി ഓഫീസറുടെ പരിശോധനയിൽ  366 ദിവസമെന്നത് ക്ലർക്ക് 366 ആഴ്ച എന്ന് രേഖപ്പെടുത്തിയതായി കണ്ടു. എന്നാൽ എത്ര ദിവസത്തേക്ക് നിക്ഷേപിച്ചാലും പലിശ കണക്കാക്കുന്നത് വാർഷികമായിട്ടാണ്. അഞ്ച് ലക്ഷത്തിന് എട്ടര ശതമാനം വാർഷിക പലിശ 42,500 രൂപയാണ്.  അതായത് ഒരു മാസത്തെ പലിശ 3,541 രൂപയാണ് വരേണ്ടത്. ഇവിടെയാണ് ഒന്നര ലക്ഷം രൂപ വന്നത്. 

നിക്ഷേപകൻ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇത് ട്രഷറി വകുപ്പ് അറിയുന്നത് തന്നെ. തുടർന്ന് ഈ തുക തിരിച്ച് പിടിച്ച് തടയൂരാനാണ് ഡയറക്ട്രേറ്റിൽ നിന്ന് കിട്ടിയ നിർദ്ദേശം. എന്നാൽ സോഫ്റ്റ്‍വെയർ പ്രശ്നമല്ല ക്ലർക്കിന്റെ പിഴവെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ചീഫ് കോർഡിനേറ്റർ. ഈ മാസം ഒന്ന് മുതൽ ട്രഷറി നിഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു. പുതിയ നിരക്ക് നിലവിൽ വന്ന ദിവസം എട്ടര ശതമാനത്തിന് പകരം 366 ശതമാനം പലിശ എന്ന കണക്കാക്കിയതാണ് പ്രശ്നമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ഡയറക്ടറേറ്റിന്റെ പിഴവ് ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം.

click me!