സോളാര്‍: തുടർ ഭരണം സിപിഎമ്മിൻ്റെ സ്വപ്നം മാത്രമാവുമെന്ന് കെ സി വേണുഗോപാൽ

Published : Jan 24, 2021, 11:01 PM ISTUpdated : Jan 24, 2021, 11:05 PM IST
സോളാര്‍: തുടർ ഭരണം സിപിഎമ്മിൻ്റെ സ്വപ്നം  മാത്രമാവുമെന്ന് കെ സി വേണുഗോപാൽ

Synopsis

നാലേ മുക്കാൽ കൊല്ലം സിപിഎമ്മിന് ഒന്നും ചെയ്യാനായില്ല. തെരെഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണ് ഇതെന്നും നിയമത്തിൻ്റെ ബലം കൊണ്ട് നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കോഴിക്കോട്: സോളാർ പീഡന കേസ് സർക്കാർ സിബിഐക്ക് വിട്ട നടപടിയില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തുടർ ഭരണം സിപിഎമ്മിൻ്റെ സ്വപ്നം മാത്രമാവുമെന്ന് വേണുഗോപാൽ പറഞ്ഞു. ഭരണം പിടിക്കുക എളുപ്പമല്ലെന്ന് സിപിഎമ്മിന് ബോധ്യപ്പെട്ടു. പെരിയ കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ ലക്ഷങ്ങളാണ് സർക്കാർ ചിലവിട്ടതാണ്. സർക്കാർ വന്ന അന്ന് മുതൽ തുടങ്ങിയതാണ് സോളാർ അന്വേഷണം. അന്വേഷണം ഞങ്ങളാരും തടസപ്പെടുത്തിയില്ല. നാലേ മുക്കാൽ കൊല്ലം ഒന്നും ചെയ്യാനായില്ല. തെരെഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണ് ഇതെന്നും നിയമത്തിൻ്റെ ബലം കൊണ്ട് നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തനിക്കെതിരെ അടക്കം സോളാർ പീഡനക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടും, രണ്ട് വർഷം സർക്കാരിന്‍റെ കൈകൾ ആരെങ്കിലും പിടിച്ചുവച്ചിരിക്കുകയായിരുന്നോ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചോദിച്ചു. ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം ചുമത്തിയാണ് തനിക്ക് അടക്കം എതിരെ കേസെടുത്തത്. ഞങ്ങളാരും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലോ മറ്റ് കോടതികളിലോ പോയിട്ടില്ല. ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണം? ‌ഞങ്ങൾ നിർഭയരായിരുന്നു. രണ്ട് വർഷം ഒന്നും ചെയ്യാതെ, ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കി അധികാരമൊഴിയാനിരിക്കുമ്പോൾ കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടലാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. അതേസമയം, കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് താൻ പറയുമ്പോൾ ജോസ് കെ മാണി മാത്രം കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും, ഉമ്മൻചാണ്ടി പറയുന്നു. 

Also Read: 'സിപിഎമ്മും കേന്ദ്രവുമായി ചങ്ങാത്തം കൂടൽ', സോളാർ പീഡനക്കേസ് നീക്കത്തിൽ ഉമ്മൻചാണ്ടി

താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി. ''തന്നെ അറിയില്ല, ബന്ധമില്ല എന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുന്നത്. അതുകൊണ്ട് തന്നെ ചോദിക്കുകയാണ്, പരസ്യസംവാദത്തിന് തയ്യാറുണ്ടോ?'', പരാതിക്കാരി ചോദിക്കുന്നു. ജോസ് കെ മാണിക്കെതിരെ സിബിഐ അന്വേഷണം തേടാത്തത് എന്തെന്ന ചോദ്യത്തിന് ജോസിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അങ്ങനെ ചെയ്താൽ ജോസ് കെ മാണിയെയും സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുമെന്നും പരാതിക്കാരി പറയുന്നു.

Also Read: 'സംവാദത്തിന് തയ്യാർ', ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി, ജോസ് കെ മാണിയെ ഒഴിവാക്കിയിട്ടില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും
രക്തസാക്ഷി ഫണ്ട് തട്ടിപ്പും സ്വർണ്ണക്കൊള്ളയും ചർച്ചയാവും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും