ഡോക്ടറെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ സൈനികൻ, വീട്ടമ്മയെയും അമ്മയെയും ആക്രമിച്ച കേസിൽ അറസ്റ്റിൽ

By Web TeamFirst Published Nov 28, 2022, 2:47 PM IST
Highlights

ഡോക്ടറെ ആക്രമിച്ച കേസിൽ ഉപാധികളോടെ വിമലിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഇയാൾ മദ്യപിച്ച് ഒരു വീട്ടിൽ കയറി വീട്ടമ്മയെയും അമ്മയെയും ആക്രമിച്ചത്

തിരുവനന്തപുരം: കല്ലറയിൽ ഡോക്ടറെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ സൈനികൻ സ്ത്രീയെ ആക്രമിച്ചതിന് വീണ്ടും അറസ്റ്റിലായി. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് പാങ്ങോട് പൊലിസ് അറസ്റ്റ് ചെയ്തത്. ഡോക്ടറെ ആക്രമിച്ച കേസിൽ ഉപാധികളോടെ വിമലിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഇയാൾ മദ്യപിച്ച് ഒരു വീട്ടിൽ കയറി വീട്ടമ്മയെയും അമ്മയെയും ആക്രമിച്ചത്. ഈ കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഈ മാസം പത്തിനാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. കല്ലറയിലെ ആശുപത്രിയിൽ നവംബർ  പത്തിനാണ് ഇയാൾ ചികിത്സ തേടിയത്. കാലിലെ മുറിവായിരുന്നു കാരണം. മുറിവ് എങ്ങിനെയുണ്ടായെന്ന ചോദ്യത്തിൽ പ്രകോപിതനായ ഇയാൾ ജീവനക്കാരെയും ഡോക്ടറെയും ആക്രമിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചു. പൊലീസെത്തിയപ്പോഴേക്കും ഇവിടെ നിന്ന് കടന്ന പ്രതിയെ രണ്ട് ദിവസം പത്തനംതിട്ട കോന്നിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവിടെ സുഹൃത്തിന്റെ റബ്ബർ തോട്ടത്തിലെ ഷെഡിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ.

അസമിൽ സൈനികനായ വിമൽ അവധിക്ക് എത്തിയപ്പോഴാണ് ഈ സംഭവം. സൈനിക ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരവനന്തപുരത്ത് എത്തിച്ച വിമലിനെ സംഭവം നടന്ന ആശുപത്രിയിൽ അടക്കം എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. പിന്നീട് റിമാന്റിൽ കഴിഞ്ഞ പ്രതിയെ കർശന ഉപാധികളോടെയാണ് കോടതി ജാമ്യത്തിൽ വിട്ടത്. വീണ്ടും സ്ത്രീകളെ ആക്രമിച്ചതോടെ ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടതായി കൂടി ഇനി പൊലീസ് കോടതിയെ അറിയിക്കും. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

click me!