സൈബര്‍ ആക്രമണം: സ്പീക്കര്‍ എംബി രാജേഷിന്‍റെ കുടുംബം നിയമ നടപടിക്ക്

Web Desk   | Asianet News
Published : Aug 30, 2021, 12:32 AM IST
സൈബര്‍ ആക്രമണം: സ്പീക്കര്‍ എംബി രാജേഷിന്‍റെ കുടുംബം നിയമ നടപടിക്ക്

Synopsis

കുട്ടികളില്‍ ഇത് വലിയ മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത് നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചരാണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിനിത രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.   

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സ്പീക്കര്‍ എം ബി രാജേഷിന്‍റെ കുടുംബം. കുട്ടികളെ കുറിച്ച് അപകടകരമായ വിധം നുണ പ്രചാരണം നടത്തുന്നുവെന്ന് സ്പീക്കറുടെ ഭാര്യ നിനിത രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കുട്ടികള്‍ ഒരു മതത്തിന്റെ ഭാഗമാണെന്ന പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ നടത്തുന്നത് എന്നാണ് ആരോപണം. 

കുട്ടികള്‍ക്ക് മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഒരു മതത്തിന്റെയും ഭാഗമല്ല. അസത്യ പ്രചാരണങ്ങളുടെ ലക്ഷ്യം എം ബി രാജേഷാണ്. കുട്ടികളില്‍ ഇത് വലിയ മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത് നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചരാണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിനിത രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പതിവ് പോലെ ലക്ഷ്യം എംബി രാജേഷ് തന്നെയാണ്.അഭിപ്രായത്തിൻ്റെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നതിൽ ഇക്കാലത്ത് അത്ഭുതമുണ്ടാവേണ്ടതില്ല. പക്ഷേ ആടിനെ പട്ടിയാക്കുന്ന വിധത്തിലുള്ള അസത്യം കൊണ്ട് ആക്രമിക്കപ്പെടുമ്പോൾ അത്ഭുതത്തിനപ്പുറം ഭയമാണുണ്ടാവുന്നത് -കാലത്തെ കുറിച്ചും ചുറ്റുമുള്ള മനുഷ്യരെ കുറിച്ചും ഓർക്കുമ്പോൾ. ഫാസിസവും നുണ വ്യവസായവും തമ്മിലെ ബന്ധത്തെക്കുറിച്ച് ചരിത്ര പുസ്തകങ്ങളിൽ വായിച്ചത് അനുഭവമാകുകയാണല്ലോ എന്നോർത്തു പോയി. 

പ്രശ്നം മതമാണ്. എൻ്റെ രണ്ടു മക്കളെകുറിച്ച് വസ്തുതാവിരുദ്ധവും അപകടകരമാംവിധം വർഗ്ഗീയച്ചുവയുള്ളതുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.എം ബി രാജേഷിൻ്റെ ഭാര്യയായ ഞാൻ രേഖകൾ പ്രകാരം ഇസ്ലാമാണെന്നും, മക്കൾക്ക് രേഖകളിൽ ഇസ്ലാം മതം ചേർത്തിട്ടുണ്ടെന്നും അത് ന്യൂനപക്ഷത്തിൻ്റെ ആനുകൂല്യങ്ങൾ തേടിയെടുക്കാനാണെന്നുമാണ് അതിൽ പറയുന്നത് .

സത്യം അറിയിക്കാൻ വേണ്ടി മാത്രം രണ്ട് മക്കളുടെയും രേഖകൾപങ്കുവയ്ക്കുന്നു .മൂത്തയാളുടെ SSLC സർട്ടിഫിക്കറ്റാണ് .പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവളുമായി ആലോചിച്ച് തന്നെയാണ് ഈ വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ചേർത്തത്. നിലവിൽ ജാതിയോ മതമോ ഇല്ലെങ്കിലും നാളെ വേണമെന്നു തോന്നിയാൽഏതെങ്കിലും മതത്തിൽ ചേരാനോ ചേരാതിരിക്കാനോ ഉളള സകല സ്വാതന്ത്ര്യവും അവൾക്കുണ്ടുതാനും. ഇളയയാളിൻ്റേത് ലോവർ പ്രൈമറി സ്കൂളിൽ നിന്നുളള TC യാണ്.അവളുടെ വിവരങ്ങൾ രക്ഷിതാക്കൾ എന്ന നിലയിലെ ഞങ്ങളുടെ സ്വന്തം തീരുമാനമാണ്. കുറേക്കൂടി മുതിരുമ്പോൾ അവൾക്കുമുണ്ട് മതം സ്വീകരിക്കാനും ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം. ഒരാൾ രേഖകളിൽ ഏതെങ്കിലുംമതമോ ജാതിയോ ചേർക്കുന്നതും ചേർക്കാതിരിക്കുന്നതും മഹാകാര്യമായി കാണേണ്ടതില്ലെന്നും അതയാളുടെ തികച്ചും വ്യക്തിപരമായ / രാഷ്ട്രീയമായ നിലപാടാണെന്നുമാണ് ഞാൻ കരുതുന്നത്. രേഖകൾ കാണിച്ച് തെളിവ് നൽകി  ജീവിക്കേണ്ടി വരുന്ന ഒരു കാലം വരാനിരിക്കുന്നുണ്ടെന്ന് ഞാൻ അത്രമേൽ ഓർത്തിരുന്നില്ലഎന്നുകൂടി പറയട്ടെ. 

ഇനി എൻ്റെ സർട്ടിഫിക്കറ്റിലെ മതത്തെ പറ്റി പറയാം .രാജേഷിനോടുള്ള വിരോധം തീർക്കാനായി എന്നെ ആക്രമിക്കൽ ഇതിനു മുമ്പും നടന്നിട്ടുണ്ടല്ലോ .അതെല്ലാം പൊളിഞ്ഞതുമാണ്. എൻ്റെ (രാജേഷിൻ്റെയും )സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവുംരേഖപ്പെടുത്തിയിട്ടുണ്ട്. അത് ഞാൻ എവിടെയും മറച്ചു വെച്ചിട്ടുമില്ല.  മാത്രമല്ല സർട്ടിഫിക്കറ്റിലെ മതത്തിനപ്പുറം തികച്ചും മതേതരമായി ജീവിക്കാൻ കഴിഞ്ഞതിൻ്റെ ആഹ്ളാദം കൂടി എനിക്കുണ്ട്.  

ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും എൻ്റെ രക്ഷിതാക്കൾ പുലർത്തിയ ജാഗ്രതയാണ് എന്നെ അതിനനുവദിച്ചതുംപാകപ്പെടുത്തിയതും.എത്ര വലുതായിരുന്നു ആ ജാഗ്രതയെന്ന് ഇപ്പോഴാണ് കൂടുതൽ തിരിച്ചറിയുന്നത്. ഇനി ഞാൻ സംവരണാനുകൂല്യം അനുഭവിച്ചു എന്നതിനെ കുറിച്ച് - സംവരണത്തിൻ്റെ അടിസ്ഥാനം മതമല്ല സാമൂഹ്യനീതിയാണ് എന്ന പ്രാഥമിക പാഠം അറിയാത്തവരോട് എന്ത് പറയാൻ ! എൻ്റെ മാതാപിതാക്കളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസാവസരം സിദ്ധിച്ച ആദ്യ തലമുറയാണ് അവരുടേത്. സ്വന്തം സമൂഹ്യനിലയോട് പല തരത്തിൽ പോരടിച്ചാണ് അവർ ജീവിതം നയിച്ചതും. ആ ബോധ്യത്തിലാണ്  ഞാൻ സംവരണാനുകൂല്യം ഉപയോഗപ്പെടുത്തുന്നത് .അവിടെ എൻ്റെ മതവിശ്വാസത്തിന് യാതൊരു പ്രസക്തിയുമില്ല. മക്കളുടെ കാര്യത്തിൽ,പല നിലയിൽ അവരനുഭവിക്കുന്ന സാമൂഹ്യ സുരക്ഷിതത്വങ്ങളാണ് അവരെ സംവരണത്തിനു പുറത്തു നിർത്തുന്നത്. നാളെ ഏതെങ്കിലും മതം സ്വീകരിച്ചാൽ പോലും അവർക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് സാരം .

ഈ വസ്തുതകൾ ഇവിടെ കുറിക്കുന്നതിന്ഇതുപ്രചരിപ്പിക്കുന്നവരെ തിരുത്തുക എന്നൊരുദ്ദേശം ചെറുതായിപ്പോലുമില്ല. ഇക്കൂട്ടരുടെ, നുണപറഞ്ഞ് പറഞ്ഞ് സത്യമാക്കിയെടുക്കലിനെതിരെ നിരന്തരം  പോരടിക്കുന്ന അസംഖ്യം മനുഷ്യരുണ്ട്.അവർക്കു പറയാൻ വേണ്ടിയാണിത് ,അവർക്ക്തെളിവ് നിരത്താൻ.

സുഹൃത്തുക്കളോട് ഒരു സഹായംകൂടി അഭ്യർത്ഥിക്കുന്നു. കുട്ടികളുടെ പേരിലുള്ള ഇത്തരം അസത്യ പ്രചരണങ്ങൾ അവരിലുണ്ടാക്കുന്ന മാനസിക സംഘർഷം പറഞ്ഞറിയിക്കാനാവാത്തതാണ് .ഓരോ തവണയും ഇതിലൊന്നും തോറ്റു പോവാത്തവരായി അവരെ നിലനിർത്താൻ അമ്മ എന്ന നിലയിൽ വലിയ അധ്വാനം വേണ്ടിവരാറുണ്ട്. ഈ വിഷയംഅവരെ നേരിട്ട് ബാധിക്കുന്നത് കൂടിയായതിനാൽ  നിയമ നടപടികൾ സ്വീകരിക്കേണ്ടത് എൻ്റെ ചുമതലയാണ്. അതിനായി ഈ നുണ പ്രചരിപ്പിച്ച വീഡിയോയിൽ കാണുന്ന വ്യക്തിയുടെ  പേര് ,മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ആവശ്യമാണ്. അവ അറിയാവുന്നവരുണ്ടെങ്കിൽ  പങ്കുവയ്ക്കണമെന്ന് അപേക്ഷിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി