ഐസകിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് സ്പീക്കർ, മന്ത്രിക്കെതിരെ നടപടി ചരിത്രത്തിൽ ആദ്യം

By Web TeamFirst Published Dec 2, 2020, 2:02 PM IST
Highlights

ചെന്നിത്തലക്കെതിരായ അന്വേഷണ അനുമതിയിൽ തനിക്കെതിരെയുണ്ടായ വിമർശനം സ്വാഭാവികമാണെന്ന് സ്പീക്കർ പറഞ്ഞു. ഇഷ്ടമില്ലാത്ത നടപടികളുണ്ടാവുമ്പോൾ അതിൽ വിമർശനമുണ്ടാവുന്നത് സ്വാഭാവികമായ കാര്യമാണ്. 

തിരുവനന്തപുരം: ധനമന്ത്രി അവകാശലംഘനം നടത്തിയെന്ന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് വിഷയത്തിൻ്റെ രണ്ട് വശവും പരാതിക്കാനും രണ്ട് പക്ഷവും പറയുന്നത് കേൾക്കാനും വേണ്ടിയാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അവകാശലംഘനത്തിൽ വിഡി സതീശൻ ധനമന്ത്രിക്കെതിരെ നൽകിയ പരാതിയിലും അതിൽ തോമസ് ഐസക് നൽകിയ വിശദീകരണത്തിലും കഴമ്പുണ്ട്. ഈ സാഹചര്യത്തിലാണ് തുടർ നടപടികൾക്കായി വിഷയം എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. 

നിയമസഭാ ചട്ടപ്രകാരം കടുത്ത ശിക്ഷാനടപടികളൊന്നും സ്വീകരിക്കാൻ നിയമസഭാ എത്തിക്സ് കമ്മിറ്റിക് അധികാരമില്ല. ചട്ടലംഘനം നടത്തുന്ന അംഗങ്ങൾക്ക് താക്കീത് നൽകാനോ മുന്നറിയിപ്പ് കൊടുക്കാനോ മാത്രമേ സമിതിക്ക് സാധിക്കൂ. എന്നാൽ ഇപ്പോൾ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു മന്ത്രി നിയമസഭാ ചട്ടങ്ങൾ ലംഘിച്ചുവെന്ന കാര്യം പ്രതിപക്ഷം ആയുധമാക്കിയേക്കും. 

ചെന്നിത്തലക്കെതിരായ അന്വേഷണ അനുമതിയിൽ തനിക്കെതിരെയുണ്ടായ വിമർശനം സ്വാഭാവികമാണെന്ന് സ്പീക്കർ പറഞ്ഞു. ഇഷ്ടമില്ലാത്ത നടപടികളുണ്ടാവുമ്പോൾ അതിൽ വിമർശനമുണ്ടാവുന്നത് സ്വാഭാവികമായ കാര്യമാണ്. വിഡി സതീശനും അൻവർ സാദത്തിനുമെതിരായ വിജിലൻസ് അന്വേഷണത്തിനുള്ള അപേക്ഷയിൽ കൂറച്ചു കൂടി പരിശോധനയും വിശദീകരണവും ആവശ്യമാണെന്നും സ്പീക്കർ വ്യക്തമാക്കി. എം. സ്വരാജ് നൽകിയ പരാതിയിൽ ധനവകുപ്പിൻ്റെ അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം കിട്ടിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സ്പീക്കർ പറഞ്ഞു. 

കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് നേരെ ഇത്തരം ഒരു നടപടിയുണ്ടാവുന്നത്. വിഷയം സങ്കീർണമായതിനാൽ സ്പീക്കർ സ്വന്തം നിലയ്ക്ക് എടുക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുമെന്ന വിലയിരുത്തൽ നേരത്തെ തന്നെ സ്പീക്കറുടെ ഓഫീസിനുണ്ടായിരുന്നു. ഇതിനപ്പുറം സിഎജി റിപ്പോർട്ടിലും കേന്ദ്ര ഏജൻസികളുടെ ഇടപെടലിലും തുറന്ന പോരാട്ടം നടത്താനാണ് സിപിഎം തീരുമാനിച്ചത്. ധനമന്ത്രിയുടെ നടപടി പ്രതിപക്ഷത്തിന് പ്രധാന്യമുള്ള എത്തിക്സ് കമ്മിറ്റിക്ക് വിടുന്നതിലൂടെ ആ വിഷയം കൂടുതൽ ചർച്ചയാക്കുന്നതിനാണ് കൂടിയാണ് സ്പീക്കർ പരോക്ഷമായി വഴിയൊരുക്കുന്നത്. 

click me!