
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.
മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്തിൽ ഒരു ഉന്നതന് പങ്കുണ്ടെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഭഗവാൻ്റെ പേരുള്ള ആളാണ് ഈ പ്രമുഖനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കെ.സുരേന്ദ്രൻ തന്നെ വിവാദം കത്തിക്കുകയും ചെയ്തിരുന്നു.
പാലാരിവട്ടം പാലം കേസ് നല്ല രീതിയിൽ അന്വേഷിച്ചാൽ കൂടുതൽ മുസ്ലീം ലീഗ് നേതാക്കൾ അകത്താവും. നിലവിൽ രണ്ട് എംഎൽഎമാർ അറസ്റ്റിലാണ്. ഇനിയും കൂടുതൽ പേർ അറസ്റ്റിലാവും. അത്രയും ശതകോടി അഴിമതിയാണ് യുഡിഎഫ് എംഎൽഎമാർ നടത്തിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 14 മന്ത്രിമാർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ എൽഡിഎഫ് പൂഴ്ത്തി. അഴിമതി പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷനേതാവടക്കം അഴിമതി ആരോപണം നേരിടുകയാണ്.
വികസനത്തെക്കുറിച്ച് സംസാരിക്കാൻ ഇരുമുന്നണികൾക്കും അവകാശമില്ല. അഴിമതിക്കെതിരെ ശക്തമായ ജനവികാരമാണ് കേരളത്തിൽ ഉള്ളത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ.സുരേന്ദ്രൻ. അഴിമതിയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ എന്ന് കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam