ജലീലിന്റെ പരാതി : ക്രൈംബ്രാ‍ഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

Published : Jun 09, 2022, 02:54 PM ISTUpdated : Jun 09, 2022, 02:56 PM IST
ജലീലിന്റെ പരാതി : ക്രൈംബ്രാ‍ഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

Synopsis

അന്വേഷണ സംഘത്തെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ നയിക്കും, 10 അസിസ്റ്റന്റ് കമ്മീഷൺ‌മാർ സംഘത്തിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി.ജലീല്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റ‌ർ ചെയ്ത കേസ് അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി, എസ്.മധുസൂദനൻ അന്വേഷണത്തിന് നേതൃത്വം നൽകും, കണ്ണൂർ അഡീഷണൽ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. .11 അംഗ സംഘത്തിൽ പത്ത് അസിസ്റ്റന്റ് കമ്മീഷണർമാരും ഒരു ഇൻസ്പെക്ടറും ഉണ്ട്.

സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് ശേഷം, മുഖ്യമന്ത്രി ഇന്നലെ രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ.ടി.ജലീൽ കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി.സി.ജോർജിനുമെതിരെയായിരുന്നു ജലീലിന്‍റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിൽ എടുത്ത കേസ് നിൽനിൽക്കുമോ എന്ന ആശങ്ക സേനക്കുള്ളിൽ തന്നെയുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനിൽക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം. കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി.    

പ്രതിയാക്കാനാകില്ലെന്ന് പി.സി.ജോ‍ർജ്

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ തന്നെ കേസിൽ പ്രതിയാക്കാനാകില്ലെന്ന് പി.സി.ജോർജ്. സ്വപ്ന എഴുതി നൽകിയ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്ന വാദമാണ് പി.സി.ജോർജ് ഉന്നയിക്കുന്നത്. പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ ആണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ലെന്നും ഇങ്ങനെ കേസ് എടുക്കാൻ ആണെങ്കിൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണമെന്നും പി.സി.ജോർജ് ചോദിച്ചു. സ്വപ്ന തനിക്ക് ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് ഞാൻ ചെയ്തത്. ജയിൽ ഡിജിപി അജികുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തി, ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു. മാനസികമായി അപമാനിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്. ഇതാണ് താൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി.സി.ജോർജ് ചോദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി