
എറണാകുളം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന. പെരുമ്പാവൂരിലെ ജനങ്ങളുടെ ആവശ്യം മുൻനിർത്തിയുള്ള തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരുമ്പാവൂരിൽ ഇനി കാണാൻ പോകുന്നത് നാർക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
പെരുമ്പാവൂരിൽ തൂഫാൻ ജാഗരൺ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും പോലീസ് സേനാംഗങ്ങളും ഒരേ വിഷയം ചൂണ്ടിക്കാട്ടി. പെരുമ്പാവൂരിനെ നാർക്കോ ഹണ്ട് ഫലപ്രദമാകാൻ നിശ്ചയമായും ചെയ്യേണ്ട കാര്യം എന്ന നിലയിലാണ് എനിക്കത് ബോധ്യപ്പെട്ടത്. അതിഥി തൊഴിലാളികളും തദ്ദേശവാസികളും ചേർന്ന പെരുമ്പാവൂരിലെ ജനസംഖ്യയുടെ വലിപ്പം ഒരു പൊലീസ് സ്റ്റേഷനിലെ നിശ്ചിത സേനയ്ക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്. ദൈനംദിന സേവനങ്ങൾക്കു പുറമെയാണ് പെരുമ്പാവൂരിലെ പോലീസ് സേന നമ്മുടെയെല്ലാം അഭിനന്ദനം ഏറ്റുവാങ്ങുന്ന തൂഫാൻ നാർക്കോ ഹണ്ടുകൾ നടത്തുന്നത്.
പെരുമ്പാവൂരിലെ ലഹരി മാഫിയയുടെ വേരറുക്കാൻ പോലീസ് സേനയുടെ എണ്ണം വർദ്ധിപ്പിക്കണം എന്ന ആവശ്യം ആഭ്യന്തരവകുപ്പ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുകയാണ്. പെരുമ്പാവൂരിലെ തൂഫാൻ ജാഗരണിൽ വെച്ച് ഈ നാടിന് നൽകിയ ഉറപ്പ് പാലിക്കുന്നു. പെരുമ്പാവൂരിന് ഒരു പ്ലാറ്റുൺ പോലീസിനെ പ്രത്യേകമായി നൽകുകയാണ്. നാർക്കോ ഹണ്ടിൻ്റെ പുതിയ അധ്യായമാകും ഇനി പെരുമ്പാവൂരിൽ കാണാൻ പോകുന്നത്. നാർക്കോ മാഫിയയുടെ വേരറുക്കാനും മരണ വ്യാപാരത്തിൻ്റെ അന്ത്യം കുറിക്കാനും കൂടുതൽ കരുത്ത് പെരുമ്പാവൂരിന് നൽകുകയാണ്.
ലഹരി മുക്ത പെരുമ്പാവൂർ... ലഹരി മുക്ത കേരളം സാധ്യമാക്കിയിരിക്കും. ഇത് എൻ്റെ ഉറപ്പ്, കേരള സർക്കാരിൻ്റെയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam