സിപിഎം പ്രാദേശിക നേതാവിൻ്റെ പരാമർശത്തിൽ മറുപടിയുമായി ജി സുധാകരൻ. സിപിഎം ഓഫീസിൽ ആണി ഫാക്‌ടറി ഉണ്ടോ എന്ന് അദ്ദേഹം. ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന പരാമർശത്തിലാണ് ജി സുധാകരൻ്റെ മറുപടി.
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ എംഎൽഎ രംഗത്ത്. ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്ന് ചോദിച്ച ജി സുധാകരൻ, തന്നെ ആണിയടിക്കാൻ സിപിഎം ഓഫീസിൽ ആണി ഫാക്‌ടറി ഉണ്ടോ എന്നും ചോദിച്ചു. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്നത് കാടൻ നിയമമാണ്. ഇത്തരം കാടൻ നിയമം ആണോ സിപിഎമ്മിൻ്റേതെന്നും അദ്ദേഹം ചോദിച്ചു. അമ്പലപ്പുഴയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജി സുധാകരൻ.
കഴിഞ്ഞ ദിവസം ജി സുധാകരൻ്റെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി നടത്തിയ പരാമർശത്തിനെതിരെ ആണ് സുധാകരൻ രംഗത്തെത്തിയത്. സിപിഎമ്മിനെ അവഹേളിക്കാനാണ് ശ്രമമെങ്കിൽ ജി സുധാകരൻ്റെ നാവിൽ ആണി അടിക്കേണ്ടിവരുമെന്നായിരുന്നു ശ്യാംജി പറഞ്ഞത്. ജി സുധാകരൻ നാവ് വാടകയ്ക്ക് കൊടുത്തേക്കുകയാണെന്നും ശ്യാംജി വിമർശിച്ചിരുന്നു.


