
തൃശ്ശുർ: തൃശ്ശുർ - പാലക്കാട് ദേശീയപാതയിൽ കെഎസ് ആർടിസി (KSRTC) ബസിനടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് പാലക്കാട് എസ് പി. ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന പരാതിയുൾപ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കൾ, സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ എന്നിവരുടെ വിശദമായ മൊഴിയും പൊലീസ് അടുത്ത ദിവസം രേഖപ്പെടുത്തും
തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് കാവശ്ശേരി സ്വദേശി ആദർശ്, കാസർകോട് സ്വദേശി സാബിത്ത് എന്നിവർ മരിച്ചത്. അപകടകരമായ രീതിയിൽ ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങൾ പുറകെ യുണ്ടായിരുന്ന കാറിലെ ഡാഷ് ബോർഡ് ക്യാമറിയിൽ പതിഞ്ഞിരുന്നു. എന്നാൽ പൊലീസ് ഡ്രൈവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്തല്ല കേസെടുത്തതെന്നും ശക്തമായ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും കുടുംബാംഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
ഈ സാഹചര്യത്തിലാണ് കുഴൽമന്ദം സിഐ യുടെ നേതൃത്വത്തിലുളള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. മാതാപിതാക്കളുടേയും ബന്ധുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. സംഭവ ദിവസം ബസിലുണ്ടായിരുന്ന യാത്രക്കാരിൽ നിന്നും വിവരശേഖരണം നടത്തും. ബസ് ജീവനക്കാരുമായി യുവാക്കൾ തർക്കിച്ചിരുന്നെന്നും ഇതിലുളള വൈരാഗ്യത്താലാണ് ബസിടിപ്പിച്ചതെന്നും ബന്ധുക്കളോട് ചില യാത്രക്കാർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിശദമായ മൊഴിയെടുപ്പ്. ദേശീയ പാതയോരത്തുളള കടകളിൽ നിന്നുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.
അതേ സമയം, അപകടമുണ്ടാക്കിയ കെ എസ് ആർടി സി ഡ്രൈവർ സി എൽ ഔസേപ്പിനെ ജാമ്യത്തിൽ വിട്ടു. നിലവിൽ ഇവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുത്ത് ഡ്രൈവറെ സർവ്വീസി ൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇരു യുവാക്കളുടെയും ബന്ധുക്കളുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam